ദുബായില്‍ സ്വകാര്യ ഡ്രൈവറായി ജോലി ചെയ്യുന്നവര്‍ക്കു വര്‍ഷം തോറും മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കി. അടുത്തമാസം ഒന്നു മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. സുരക്ഷയെ ബാധിക്കുന്ന അസുഖങ്ങള്‍ മൂലം യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാകുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ആര്‍ടിഎ അറിയിച്ചു.
ദുബായില്‍ സ്വകാര്യ വ്യക്തികളുടെ ഡ്രൈവറായും ഹൗസ് ഡ്രൈവറായും ജോലിയെടുക്കുന്നവര്‍ ഇനി വര്‍ഷംതോറും മെഡിക്കല്‍ പരിശോധനയ്‌ക്ക് വിധേയരാവണം. നേരത്തെ ഹെവിവാഹനങ്ങള്‍ ടാക്‌സികള്‍ എന്നിവയിലെ ഡ്രൈവര്‍മാര്‍ക്ക് മാത്രമായിരുന്ന നിബന്ധനയാണ്. ഇപ്പോള്‍ സ്വകാര്യ ഡ്രൈവര്‍മാര്‍ക്കും ബാധകമാക്കിയത്. നൂറുകണക്കിന് മലയാളികളാണ് മേഖലയില്‍ ദുബായി എമിറേറ്റില്‍ ജോലിചെയ്യുന്നത്. ഇതുവരെ സ്വകാര്യ ഡ്രൈവര്‍മാര്‍ പത്തുവര്‍ഷത്തിലൊരിക്കല്‍ ലൈസന്‍സ് പുതുക്കുമ്പോള്‍ വൈദ്യപരിശോധനയ്‌ക്ക് വിധേയമായാല്‍ മതിയായിരുന്നു. എന്നാല്‍ അടുത്തമാസം ഒന്നു മുതല്‍ എല്ലാവര്‍ഷവും സ്വകാര്യഡ്രൈവര്‍മാരും ആര്‍ടിഎ അംഗീകൃത ആശുപത്രികളില്‍ പരിശോധന നടത്തണം. അപസ്മാരം, ഹൃദ്രോഗം, നേത്രരോഗങ്ങള്‍, നാഡാതകരാറുകള്‍, അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം, തുടങ്ങിയ രോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്താനാണ് പരിശോധന. ഒരു സ്‌പോണ്‍സര്‍ക്ക് കീഴില്‍ നേടുന്ന മെഡിക്കല്‍ അനുമതി ആ ജോലി വിടുന്നതോടെ അസാധുവാകും. അല്ലാത്തപക്ഷം, പഴയ സ്‌പോണ്‍സര്‍ പുതിയ മെഡിക്കല്‍ അനുമതിക്ക് സമ്മതം നല്‍കണമെന്നും നിബന്ധനയുണ്ട്. സുരക്ഷയെ ദോഷകരമായി ബാധിക്കുന്ന അസുഖങ്ങള്‍ മൂലം യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാകുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ആര്‍ ടി എ ലൈസന്‍സിങ് വിഭാഗം ഡയറക്ടര്‍ പറഞ്ഞു.
