ദുബായ്: വെള്ളത്തിലൂടെ കാഴ്ചകള്‍കണ്ട് നീങ്ങാനുള്ള അവസരം ദുബായിലെ ഗ്ലോബല്‍ വില്ലേജില്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ സജ്ജീകരിച്ചിരിക്കുന്ന ഇലക്ട്രിക് അബ്രയിലാണ് സന്ദര്‍ശകര്‍ക്ക് വെള്ളത്തിലൂടെ കാഴ്ചകള്‍കണ്ട് സഞ്ചരിക്കാനുള്ള അവസരം.

ദുബായ് ഗ്ലോബല്‍വില്ലേജില്‍കൃത്രിമമായി ഉണ്ടാക്കിയ ചെറിയ കനാലിലൂടെയാണ് അബ്ര സര്‍വീസ് നടത്തുന്നത്. ആറ് പേര്‍ക്ക് ഇരിക്കാവുന്ന ഇലക്ട്രിക് അബ്രയാണിത്. അബ്ര എന്ന് പറഞ്ഞാല്‍ചെറിയ ഒരു കടത്ത് തോണി തന്നെ. ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയാണ് ഈ സര്‍വീസ് നടത്തുന്നത്.

കനാലിലൂടെ അബ്രയില്‍ സഞ്ചരിച്ച് ഇരുവശത്തുമുള്ള ഗ്ലോബല്‍വില്ലേജിലെ കാഴ്ചകള്‍ കാണാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. രാത്രിയില്‍വര്‍ണ വിളക്കുകളുടെ പ്രകാശത്തില്‍കുളിച്ച് നില്‍ക്കുന്ന വിവിധ രാജ്യങ്ങളുടെ പവലിയനുകളും കണ്ട് കനാലിലൂടെ സഞ്ചരിക്കാം.

ധാരാളം സന്ദര്‍ശകരാണ് അബ്രയിലെ സഞ്ചാരത്തിനായി എത്തുന്നത്. ആറ് ഇലക്ട്രിക് അബ്രകളാണ് സര്‍വീസ് നടത്തുന്നത്. അന്‍പത് ദിര്‍ഹമാണ് ഒരു അബ്ര മൊത്തത്തിലുള്ള വാടക.