ദുബായ്: പന്ത്രണ്ടാമതു ദുബായ് രാജ്യാന്തര അശ്വമേളയ്ക്ക് വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടക്കമായി. മികച്ച കുതിരകളെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മേളയോടനുബന്ധിച്ച് ലേലം വിളിയും സംഘടിപ്പിച്ചിട്ടുണ്ട്. അശ്വമേള ഈമാസം 19ന് സമാപിക്കും.
അറേബ്യന്‍ കുതിരകളുടെ ചാമ്പ്യന്‍ഷിപ്പിനോടനുബന്ധിച്ചു സംഘടിപ്പിച്ച അശ്വമേള ദുബായി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ഉദ്ഘാടനം ചെയ്തു. മേളയില്‍ ഇന്ത്യ ഉള്‍പ്പെടെ പതിനഞ്ച് രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. അറേബ്യന്‍ കുതിരകളുടെ പ്രദര്‍ശനത്തിനു പുറമേ കുതിരകളുടെ ചികില്‍സ, ഭക്ഷണം, അലങ്കാരങ്ങള്‍ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട കമ്പനികളുടെ സ്റ്റാളുകളും ഉണ്ട്. കുതിരയുടമകള്‍, പരിശീലകര്‍, ആരോഗ്യ വിദഗ്ധര്‍ എന്നിവര്‍ക്ക് പുറമെ കുതിരപ്രേമികളും ആദ്യദിവസം വേള്‍ഡ് ട്രേഡ് സെന്ററിലെ പ്രദര്‍ശനനഗരിയിലേക്കെത്തി.
ഇരുന്നൂറിലേറെ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ ലോകത്തിലെ ഏറ്റവും വംശമഹിമയുള്ള കുതിരകളെയാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ബഹറൈന്‍, ഒമാന്‍, സ്‌പെയിന്‍, ഫ്രാന്‍സ് ജര്‍മ്മനി, ജപ്പാന്‍ ,യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ കമ്പനികള്‍ രാജാന്തര അശ്വമേളയില്‍ പങ്കെടുക്കുന്നുണ്ട്. മികച്ച കുതിരകളെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മേളയോടനുബന്ധിച്ച് ലേലം വിളിയും സംഘടിപ്പിച്ചിട്ടുണ്ട്. ദുബായ് ഭരണാധികാരി ഉപഭരണാധികാരിയും യുഎഇ ധനമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ നടക്കുന്ന മേള ഈമാസം 19ന് സമാപിക്കും.
