പ്രതിക്ക് പാസ്‌പോര്‍ട്ട് കൈവശം ഉണ്ടെങ്കില്‍പോലും രാജ്യം വിടാനാകില്ല

ദുബായില്‍ ഗുരുതരമല്ലാത്ത കേസുകളില്‍ അറസ്റ്റിലാകുന്നവര്‍ക്ക് ജാമ്യത്തിലിറങ്ങാന്‍ ഇനി മുതല്‍ പാസ്‌പോര്‍ട്ട് കെട്ടിവെയ്ക്കേണ്ടി വരില്ല. സ്മാര്‍ട്ട് ബെയില്‍ സംവിധാനം നടപ്പിലാക്കുന്നതോടെയാണ് മാറ്റം.

ദുബായില്‍ ഗുരുതരമല്ലാത്ത കേസുകളില്‍ അറസ്റ്റിലാകുന്ന പ്രതിയുടെയും, ജാമ്യത്തിലെടുക്കുന്ന ആളുടെയും വിവരങ്ങള്‍ പോലീസ് ഇനി മുതല്‍ ഇലക്ട്രോണിക് റെക്കോഡായി സൂക്ഷിക്കും. ഇത്തരത്തില്‍ രേഖപ്പെടുത്തിയാല്‍ പിന്നെ പ്രതിക്ക് പാസ്‌പോര്‍ട്ട് കൈവശം ഉണ്ടെങ്കില്‍പോലും രാജ്യം വിടാനാകില്ല, ആയതിനാല്‍ ഇനി മുതല്‍ ജാമ്യത്തിന് പാസ്‌പോര്‍ട്ട് കെട്ടിവെക്കേണ്ടതില്ല. പ്രതികള്‍ക്ക് വിസ പുതുക്കാനും പാസ്‌പോര്‍ട്ട് പുതുക്കാനുമെല്ലാം ഇതുമൂലം സാധിക്കും. രാജ്യത്തിനകത്ത് സാധാരണ രീതിയില്‍ ജീവിതം നയിക്കാന്‍ പ്രതികള്‍ക്ക് പുതിയ തീരുമാനത്തിലൂടെ കഴിയുമെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷനിലെ ചീഫ് പ്രോസിക്യൂട്ടര്‍ അലി ഹുമൈദ് അല്‍ ഖാതിം അറിയിച്ചു. 

ഈ വര്‍ഷം ജനുവരി മുതല്‍ പുതിയ സംവിധാനം ജബല്‍ അലി പൊലീസ് സ്റ്റേഷനില്‍ പ്രാബല്യത്തില്‍ വന്നു. ചെക്ക് മടങ്ങിയതും, വിശ്വാസ വഞ്ചന, മദ്യപാനം, കളവ് തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പിടിയിലായവര്‍ക്കും ഈ സംവിധാനം വഴി ജാമ്യം ലഭിക്കും. പബ്ലിക് പ്രോസിക്യൂഷന് ഒരു വര്‍ഷം ശരാശരി 30,000 മുതല്‍ 40,000 വരെ പാസ്‌പോര്‍ട്ടുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ചെലവ് കുറയ്‌ക്കാന്‍ പുതിയ സംവിധാനം പ്രയോജനപ്പെടും. ദുബായിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സ്മാര്‍ട്ട് ബെയില്‍ സംവിധാനം ഉടന്‍ തന്നെ നടപ്പാക്കുമെന്നും അലി ഹുമൈദ് അല്‍ ഖാതിം പറഞ്ഞു.