ആലപ്പുഴ: ആലപ്പുഴ കരുവാറ്റയില്‍ ഡിവൈഎഫ്‌ഐ നേതാവ് വെട്ടേറ്റു മരിച്ചു. കരുവാറ്റ ഊട്ടുപറമ്പ് സ്വദേശി ജിഷ്ണു(24) ആണ് കൊല്ലപ്പെട്ടത്. ക്വട്ടേഷന്‍ സംഘമാണ് സംഭവത്തിന്റെ പിന്നിലെന്നാണ് സൂചന. രാവിലെ 11 മണിയോടെ ബൈക്കിലെത്തിയ സംഘം കരുവാറ്റ ജിഷ്ണുവിനെ ശരീരമാസകലം വെട്ടുകയായിരുന്നു. അക്രമിസംഘത്തില്‍ എട്ടുപേര്‍ ഉണ്ടായിരുന്നതായി ദൃസാക്ഷികള്‍ പറയുന്നു. സംഭവം നടന്നയുടന്‍ ആളുകള്‍ ഓടിക്കൂടിയെങ്കിലും, ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു അക്രമിസംഘം കടന്നുകളയുകയായിരുന്നു. ഇതുകാരണം വെട്ടേറ്റ ജിഷ്‌ണുവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ വൈകി. ഗുരുതരമായി പരിക്കേറ്റ ജിഷ്‌ണുവിനെ പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. കരുവാറ്റ ജിഷ്‌ണുഭവനില്‍ ഗോപാലകൃഷ്‌ണന്റെ മകനാണ് ജിഷ്‌ണു. ഡിവൈഎഫ്ഐയുടെ കരുവാറ്റ മേഖലാ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ജിഷ്‌ണു.