മലപ്പുറം: ഉപതെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാർത്ഥിത്വം തടയാൻ ലീഗിൽ നീക്കം. ഇ. അഹമ്മദിന്‍റെ മകളുടെ പേര് ഉയർത്തിക്കാട്ടിയാണ് ഒരു വിഭാഗത്തിന്‍റെ നീക്കം. ഇ. അഹമ്മദിന്‍റെ മകൾ ഡോക്ടർ ഫൗസിയ സ്ഥാനാർത്ഥിയാകുമെന്ന് ഒരു ദേശീയ മാധ്യമത്തിൽ വാർത്ത വന്നതോടെയാണ് വരാനിരിക്കുന്ന മലപ്പുറം ഉപതെരഞ്ഞടുപ്പിൽ ലീഗ് സ്ഥാനാർത്ഥിയെ ചൊല്ലി തർക്കം ഉണ്ടെന്ന സൂചനകൾ പുറത്ത് വന്നത്. മൃഗീയ ഭൂരിപക്ഷമുള്ള മലപ്പുറത്ത് രാഷ്ട്രീയ പരിചയമില്ലാത്ത ഫൗസിയയെ സ്ഥാനാർത്ഥി ആക്കേണ്ട കാര്യമില്ലെന്നാണ് ഇതേകുറിച്ചുള്ള ലീഗ് നേതൃത്വത്തിന്‍റെ നിലപാട് . 

അങ്ങിനെയിരിക്കെ ഫൗസിയയുടെ പേര് ഉയർത്തി കൊണ്ട വന്നതിന് പിന്നിൽ കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷത്തിന് കൈയുണ്ടെന്നാണ് വിലിയിരുത്തൽ. കുഞ്ഞാലിക്കുട്ടി തന്നെ മത്സരിക്കാൻ സന്നദ്ധനായ സാഹചര്യത്തിൽ അദ്ദേഹത്തെ തഴയാനാവില്ലെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ നിലപാട്. ദേശീയ രാഷ്ട്രീയത്തിൽ ഇ അഹമ്മദ് വഴി ലീഗ് നേടിയെടുത്ത സ്വീകര്യത നിലനിർത്താൻ കുഞ്ഞാലിക്കുട്ടിയിലൂടെ സാധിക്കുമെന്ന് അവർ പറയുന്നു. 

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.പി.എ ക്ക് തിരിച്ച് വരാനായാൽ ലീഗിനും മന്ത്രി സഭയിൽ ഇടം കിട്ടും . സ്വഭാവികമായും മുതിർന്ന നേതാവായ കുഞ്ഞാലിക്കുട്ടിക്കായിരിക്കും നറുക്ക് വീഴുക . ഇത് മുൻകൂട്ടി കണ്ടാണ് കുഞ്ഞാലിക്കുട്ടിയുടെ കരുനീക്കം. കുഞ്ഞാലിക്കുട്ടി കൂടുതൽ ശക്തനാകുന്നത് തടയുകയാണ് മറുപക്ഷത്തിന്‍റെ ലക്ഷ്യം.

ഇതിന് തടയിടാനാണ് മുനവ്വറലി തങ്ങൾ , കെ.പി.എ മജീദ് , ഇ അഹമ്മദിന്‍റെ മകൾ ഫൗസിയ എന്നിവരുടെ പേരുകൾ സമൂഹ മാധ്യമങ്ങൾ വഴിയും മറ്റും മറുപക്ഷം പ്രചരിപ്പിക്കുന്നത്.സമ്മർദ്ദം ശക്തമായാൽ തനിക്ക് കൂടി സമ്മതനായ സ്ഥാനാർത്ഥിക്കായി കുഞ്ഞാലിക്കുട്ടി വിട്ടുവീഴ്ച ചെയ്തേക്കുമെന്നാണ് വിരുദ്ധ ചേരിയുടെ വിലയിരുത്തൽ .