ദില്ലി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നടപടികള്‍ക്ക് നാളെ തുടക്കമാകും. സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കുന്ന പ്രസംഗത്തിന് ബിജെപി എംപി സാക്ഷി മഹാരാജിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. സര്‍ക്കാര്‍ പരസ്യ ബോര്‍ഡുകളില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഉള്‍പ്പടെ എല്ലാ നേതാക്കളുടെയും മുഖം മറയ്ക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്കി.

പഞ്ചാബിലെ 117 സീറ്റുകളിലേക്കും ഗോവയിലെ 40 സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പിന്റെ വിജ്ഞാപനം നാളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിക്കും. അടുത്ത രണ്ടു കൊല്ലത്തെ ദേശീയ രാഷ്ട്രീയ അജണ്ട നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പിനാണ് തുടക്കമാകുന്നത്. പഞ്ചാബിലും ഗോവയിലും പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 18 ആണ്. ഉത്തര്‍പ്രദേശില്‍ ആദ്യ ഘട്ടത്തിന്റെ വിജ്ഞാപനം 11 ന് പുറത്തു വരും. ഭരണവിരുദ്ധ തരംഗം പ്രകടമായ പഞ്ചാബില്‍ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങി. ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യം അന്തിമ ഫലം പ്രവചനാതീതമാക്കുന്നു. ഗോവയില്‍ ബിജെപിക്ക് മുന്‍തൂക്കം ദൃശ്യമാണ്. ഉത്തര്‍പ്രദേശില്‍ ബിജെപി ആത്മവിശ്വാസത്തിലാണ്. ന്യൂനപക്ഷ വോട്ടര്‍മാര്‍ ഇപ്പോഴും ആശയക്കുഴപ്പതിലാണ്. എങ്കിലും ചിത്രം തെളിയാന്‍ ഒരാഴ്ച കൂടി വേണം. എസ്‌ പി ഒറ്റക്കെട്ടായി മത്സരിക്കുമോ അഖിലേഷ്‌-കോണ്‍ഗ്രസ് സഖ്യം യാഥാര്‍ത്ഥ്യമാകുമോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാകേണ്ടതുണ്ട്. ആഖിലേഷിന്റെ നേതൃത്വത്തില്‍ എസ് പി ഒറ്റക്കെട്ടായി നീങ്ങിയാല്‍ വിജയ സാധ്യതയുണ്ട്.

ഇതിനിടെ സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസംഗത്തിന് വിശദീകരണം നല്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപി എംപി സാക്ഷി മഹാരാജിന് നോട്ടിസ് നല്കി. പ്രസംഗം പെരുമാറ്റചട്ടലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി. പെട്രോള്‍ പമ്പുകളിലെ പരസ്യബോര്‍ഡുകളില്‍ നിന്ന പ്രധാനമന്ത്രിയുടെ ചിത്രം നീക്കണം എന്നാവശ്യപ്പെട്ടുള്ള നിവേദനം പരിഗണിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ 5 സംസ്ഥാനങ്ങളിലെയും സര്‍ക്കാര്‍ പരസ്യ ബോര്‍ഡുകളിലെ രാഷ്ട്രീയ നേതാക്കളുടെ ചിത്രം മറയ്ക്കണം എന്ന നിര്‍ദ്ദേശം നല്കി.