ഗുജറാത്ത്: ഗുജറാത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി രാഷ്ട്രീയ കുതിരക്കച്ചവടം നടത്തിയെന്ന കോണ്‍ഗ്രസ് ആരോപണത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തിങ്കളാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗുജറാത്ത് ചീഫ് സെക്രട്ടറിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.
ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി എംഎല്‍എമാരെ വിലക്കുവാങ്ങിക്കുന്നു എന്ന് ആരോപിച്ചാണ് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്. ഗുജറാത്തില്‍ ബിജെപിസര്‍ക്കാര്‍ നടത്തുന്ന അധികാര ദുര്‍വിനിയോഗം ഒരു ഹൈപവര്‍ കമ്മിറ്റിയെ നിയമിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന മെമ്മോറാണ്ടവും നേതാക്കള്‍ സമര്‍പ്പിച്ചു.
മെമ്മോറാണ്ടത്തില്‍ പറയുന്ന കാര്യങ്ങള്‍ വിശദമായി അന്വേഷിച്ച് തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗുജറാത്ത് ചീഫ് സെക്രട്ടറിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഗുജറാത്തിലെ എംഎല്‍എമാര്‍ക്കും കുടുംബത്തിനും മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അച്ചല്‍ കുമാര്‍ ജ്യോദി നിര്‍ദേശിച്ചു.
ഓഗസ്റ്റ് എട്ടിനുനടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍നിന്നും മൂന്ന് പേരെ ജയിപ്പിക്കാനാണ് ബിജെപി ശ്രമം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എമാരെ തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കാന്‍ ബിജെപി ചരടുവലികള്‍ നടത്തുന്നുണ്ട്. ഇതോടെ ഗുജറാത്തില്‍നിന്നും മത്സരിക്കുന്ന സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെ വിജയം അനിശ്വിതത്വലായി.
എംഎല്‍എമാരെ സ്വന്തംചേരിയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ 42 നിയമസഭാ അംഗങ്ങളെ കോണ്‍ഗ്രസ് ബംഗലൂരുവിലേക്ക് മാറ്റിയിരുന്നു. ഇനിയും എംഎല്‍എമാര്‍ ബിജെപിക്കൊപ്പം പോയേക്കും എന്ന ആശങ്ക നിലനില്‍കവെയാണ് കോണ്‍ഗ്രസ് വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്‍പാകെ എത്തിച്ചത്.
