ഉത്തര്‍പ്രദേശില്‍ 73 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 11നാണ് നടക്കുന്നത്. അതിനുള്ള വിജ്ഞാപനം ഈമാസം 17ന് ഇറങ്ങുകയും ചെയ്യും. ഒരു മാസം പോലും പ്രചരണത്തിനും മറ്റ് ഒരുക്കങ്ങള്‍ക്കും ബാക്കിയില്ല. ചിഹ്നത്തിന്റെ കാര്യത്തില്‍ മുലായം പക്ഷവും അഖിലേഷ് പക്ഷവും തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പില്‍ നിലപാട് അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടെന്നും ഭൂരിഭാഗം അംഗങ്ങളും തന്റെ പക്ഷത്താണെന്നുമാണ് അഖിലേഷ് യാദവ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. അതേസമയം പാര്‍ടിയിലെ തര്‍ക്കങ്ങള്‍ ഗൗരവമുള്ളതല്ലെന്നും ചിഹ്നം പാര്‍ട്ടി സ്ഥാപകന്‍ എന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ടതാണെന്നും മുലായംസിംഗ് യാദവും വാദിച്ചു. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം തിങ്കളാഴ്ചയോ, ചൊവ്വാഴ്ച ഉണ്ടാകും.
തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ ചിഹ്നം മരവിപ്പിച്ചാല്‍ രണ്ടുപക്ഷത്തിനും പുതിയ ചിഹ്നം തെരഞ്ഞെടുക്കണം, സ്ഥാനാര്‍ത്ഥികളെയും തീരുമാനിക്കണം. ചിഹ്നം നഷ്ടപ്പെടുകയാണെങ്കില്‍ ചരണ്‍സിംഗ് രൂപീകരിച്ച ലോക് ദള്‍ പാര്‍ടിയുലെ കാളയും കലപ്പയും ഉള്‍പ്പെടുന്ന ചിഹ്നം ഉപയോഗിക്കാന്‍ മൂലായംസിംഗ് യാദവ് തീരുമാനിച്ചതായി സൂചനയുണ്ട്.
നിര്‍ജീവമായി കിടക്കുന്ന ലോക്ദള്‍ പാര്‍ടിയെ പുനരുജ്ജീവിക്കല്‍ കൂടിയാണ് അതിലൂടെ മുലായത്തിന്റെ ലക്ഷ്യം. മുലായം സിംഗിന്റെ പ്‌ളാന്‍ ബി എന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ അതിനെ വിലയിരുത്തുന്നത്. സമാജ് വാദി പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ തീരാത്തതുകൊണ്ട് തന്നെ കോണ്‍ഗ്രസും അജിത് സിംഗിന്റെ ആര്‍.എല്‍.ഡിയും രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ല. അഖിലേഷും രാഹുല്‍ ഗാന്ധിയും ഒന്നിച്ചുനില്‍ക്കുമെന്നും പ്രിയങ്കയും ഡിമ്പിള്‍ യാദവും ഒന്നിച്ച് പ്രചരണം നയിക്കുമെന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പരക്കുന്നുണ്ട്.
