ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടത്തിവന്നിരുന്ന മഡെ സ്നാനയും എഡെ സ്നാനയും നിർത്തലാക്കി. പര്യായ പലിമാർ മഠത്തിലെ സ്വാമി വിദ്യാധീശ തീർത്ഥയാണ് ഇക്കാര്യം അറിയിച്ചത്. 

മം​ഗളൂരു: ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടത്തിവന്നിരുന്ന മഡെ സ്നാനയും എഡെ സ്നാനയും നിർത്തലാക്കി. പര്യായ പലിമാർ മഠത്തിലെ സ്വാമി വിദ്യാധീശ തീർത്ഥയാണ് ഇക്കാര്യം അറിയിച്ചത്. ബ്രാഹ്മണർ ഭക്ഷണം കഴിച്ച എച്ചിലിലയിൽ വിശ്വാസികൾ ഉരുളുന്ന ചടങ്ങായിരുന്നു മഡെ സ്നാന. വിവാദമായതോടെ ഈ ആചാരം പരിഷ്കരിച്ച് എഡെ സ്നാനയാക്കി മാറ്റിയിരുന്നു. എച്ചിലിലകൾക്ക് പകരം പ്രസാ​ദം നിവേദിച്ച ഇലകൾക്ക് മുകളിൽ ഉരുളുന്നതാണ് എഡെ സ്നാന. ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഷഷ്ഠി ഉത്സവത്തോട് അനുബന്ധിച്ചായിരുന്നു ഈ ചടങ്ങുകൾ നടത്തി പോന്നിരുന്നത്. 

പേജാവർ മഠാധിപതി സ്വാമി വിശ്വേശ തീർത്ഥയാണ് മഡെ സ്നാന നിർത്തലാക്കി എഡെ സ്നാനയാക്കി മാറ്റിയത്. ഇത്തവണത്തെ ഉത്സവത്തിന് ഈ ചടങ്ങ് പൂർണ്ണമായും നിർത്തലാക്കിയതായി വിദ്യാധീശ തീർത്ഥ അറിയിച്ചു. പേജാവർ മഠാധിപതിയുടെ നിർദ്ദേശം കൂടി കണക്കിലെടുത്താണ് ഈ ആചാരം അവസാനിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിൽ വിവാദങ്ങൾ വിളിച്ചു വരുത്തുന്ന ആചാരങ്ങളല്ല, മറിച്ച് പൂജയാണ് പ്രധാനമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വളരെ ചർച്ച ചെയ്യപ്പെട്ട ആചാരമായിരുന്നു എഡെ സ്നാന. ഇത്തരം അനാചാരങ്ങൾ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഉൾപ്പെടെയുള്ള സംഘടനകൾ ക്ഷേത്രത്തിലേക്ക് മാർച്ച് നടത്തിയിരുന്നു. എംഎ ബേബി അടക്കമുള്ള നേതാക്കൾക്കെതിരെ കേസെടുക്കുകയുമുണ്ടായി. ഇവ നിർത്തലാക്കിയതോടെ വിവാദങ്ങൾക്കും അവസാനമായിരിക്കുകയാണ്. ചടങ്ങ് നിർത്തലാക്കിയത് ഹൈന്ദവതയെ ഒരു തരത്തിലും ബാധിക്കില്ലെന്നും മതാചാരങ്ങൾക്ക് ഈ ചടങ്ങുകൾ ആവശ്യമില്ലെന്നും പേജാവർ മഠാധിപതി സ്വാമി വിശ്വേശ തീർത്ഥ വ്യക്തമാക്കി.