ദുബായ്: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച ചെറിയ പെരുന്നാള്‍. ശവ്വാല്‍ മാസപിറവി കാണാത്തതിനാല്‍ തിങ്കളാഴ്ചയായിരിക്കും ഒമാനില്‍ ചെറിയ പെരുന്നാള്‍. മാസപ്പിറവി കണ്ടതോടെ ആഘോഷ പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. തക്ബീര്‍ മുഴക്കി, പാട്ടുപാടി, മൈലാഞ്ചിയണിഞ്ഞു പെരുന്നാളിനെ സ്വാഗതം ചെയ്യുന്നു വിശ്വാസികള്‍.

വ്രതശുദ്ധിയുടെ നാളുകള്‍ക്ക് വിട. കഴിഞ്ഞ ഒരു മാസം കൊണ്ട് നേടിയെടുത്ത ആത്മീയ ചൈതന്യവുമായാണ് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്. ശവ്വാല്‍ മാസപ്പിറവി കണ്ടതോടെ ചെറിയ പെരുന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. പാട്ടു പാടി, മൈലാഞ്ചിയണിഞ്ഞു, മധുരം വിതരണം ചെയ്ത്, താമസ സ്ഥലങ്ങള്‍ അലങ്കരിച്ച് ചെറിയ പെരുന്നാളിനെ സ്വാഗതം ചെയ്യുകയാണ് ജിദ്ദയിലെ മലയാളികളും.

ചെറിയ പെരുന്നാളാഘോഷം അവിസ്മരണീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദിയിലെ മലയാളികള്‍. തക്ബീര്‍ ചൊല്ലി, പുതുവസ്ത്രം ധരിച്ചു, പെരുന്നാള്‍ നിസ്കാരം നിര്‍വഹിച്ചു പ്രവാസികളും സ്വന്തം നാട്ടിലെന്ന പോലെ പെരുന്നാള്‍ ആഘോഷിക്കുന്നു. പെരുന്നാള്‍ അവധി ദിനങ്ങളില്‍ പല സംഘടനകളും സൗദിയുടെ വിവിധ ഭാഗങ്ങളിലേക്ക് വിനോദ യാത്രകളും, നാട്ടില്‍ നിന്നുള്ള പ്രമുഖ കലാകാരന്മാരെ അണി നിരത്തി കലാവിരുന്നും ഒരുക്കിയിട്ടുണ്ട്. മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളില്‍ നടക്കുന്ന പെരുന്നാള്‍ നിസ്കാരത്തിലും ഖുതുബയിലും ദശലക്ഷക്കണക്കിനു വിശ്വാസികള്‍ പങ്കെടുക്കും.