ദില്ലി: ദില്ലിയിലെ ഉസ്മാപൂരിൽ ആഘോഷത്തിനിടെ അച്ഛൻ ആകാശത്തേയ്ക്ക് വെച്ച വെടി ഉന്നം തെറ്റി മകന്റെ ജീവനെടുത്തു. നാൽപത്തിരണ്ടുകാരനായ അച്ഛൻ യാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. എട്ടുവയസ്സുകാരൻ രഹാൻ ആണ് മരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് സമാനമായ സാഹചര്യത്തിൽ‌ പുതുവര്‍ഷ ആഘോഷത്തിനിടയില്‍ ഫത്തേപ്പൂരിൽ ആർകിടെക്റ്റായ യുവതി മരിച്ചിരുന്നു. 

കുട്ടിയുടെ വലതുകവിളിലാണ് ബുള്ളറ്റ് വന്ന് തറച്ചത്. പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. അന്വേഷണത്തിൽ ഒന്നാം പ്രതി കുട്ടിയുടെ അച്ഛൻ തന്നെയാണെന്ന് വ്യക്തമായതായും പൊലീസ് കൂട്ടിച്ചേർത്തു. അച്ഛനും മകനും ആഘോഷത്തിൽ പങ്കെടുത്തു കൊണ്ടിരിക്കെയാണ് ദാരുണമായ ഈ സംഭവം നടന്നത്.