കുവൈത്തില്‍ കഴിഞ്ഞ മാസം 26ന് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്‍ത് 15 സ്ഥാനാർത്ഥികൾ കൂടി കോടതിയെ സമീപിച്ചു. ഇതോടെ പരാതിയുമായി കോടതിയെ സമീപിച്ച സ്ഥാനാർത്ഥികളുടെ എണ്ണം 21 ആയി.

കുവൈത്ത് പാര്‍ലമെന്റിലേക്ക് കഴിഞ്ഞ മാസം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട 15 പേര്‍ കൂടി തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യംചെയ്‍ത് ഭരണഘടനാ കോടതിയില്‍ പരാതി സമര്‍പ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തില്‍ അതൃപ്‍തി രേഖപ്പെടുത്തി ഇതോടെ 21 സ്ഥാനാര്‍ഥികളാണ് ഇതുവരെ കോടതിയെത്തിയിട്ടുണ്ട്. ഇനിയും പരാതി സമര്‍പ്പിക്കാനുള്ളവര്‍ക്ക് ഞായറാഴ്ചവരെ സമയം അനുവദിച്ചിട്ടുണ്ട്. അതിനുശേഷം ലഭിക്കുന്ന പരാതികള്‍ കോടതി പരിഗണിക്കുകയില്ല. പരാതികള്‍ സംബന്ധിച്ച് ഭരണഘടനാകോടതിയുടെ വിധി അന്തിമമാണ്. കഴിഞ്ഞ പാര്‍ലമെന്റില്‍ അംഗങ്ങളായിരുന്ന യൂസഫ് അല്‍ സാല്‍സലാഹ്, അഹ്്മദ് അല്‍ ആസ്മി, മൊഹമ്മന് അല്‍ ബറാക്, ഹമദ് മാതര്‍ എന്നിവരും കഴിഞ്ഞ ദിവസം പരാതി നല്‍കിയവരില്‍ ഉള്‍പ്പെടുന്നു.

ഓരോ പരാതിയും പ്രത്യേകം  പരിഗണിക്കുന്ന കോടതി അന്വേഷണം നടത്താന്‍ മാത്രം വിശ്വാസ്യത പരാതികള്‍ക്കുണ്ടോയെന്ന് പ്രാഥമിക പരിശോധന നടത്തും. വോട്ടെണ്ണല്‍ വീണ്ടും നടത്തണമെന്നതാണ് പരാതികളിലേറെയും. ഒരോ മണ്ഡലത്തില്‍ നിന്ന് കൂടുതല്‍ വോട്ടുകള്‍ നേടുന്ന 10 പേരെ വച്ചാണ് തെരഞ്ഞെടുക്കുന്നത്. ഏതാനും വോട്ടുകളുടെ വ്യത്യാസത്തില്‍ 11,12,13 സ്ഥാനങ്ങള്‍ ലഭിച്ചവരാണ് വീണ്ടും വോട്ടെണ്ണല്‍ നടത്തണമെന്നാവശ്യപ്പെട്ടിരിക്കുന്നത്.