തമിഴ്നാട്ടിലെ ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് മാറ്റിവക്കാന്‍ സാധ്യത. പണം നല്‍കി വോട്ട് വാങ്ങുന്നതടക്കമുള്ള ക്രമക്കേടുകള്‍ വ്യാപകമാണെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് തെരെഞ്ഞെടുപ്പ് മാറ്റുന്ന കാര്യം പരിഗണിക്കുന്നത്. ഇക്കാര്യത്തില്‍ ഇന്നോ നാളെയോ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനമെടുക്കും.

വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ തന്നെ ആര്‍ കെ നഗറിലെ തെരഞ്ഞെടുപ്പ് മാറ്റിവക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നതാണ്. 22 ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥലം മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തമിഴ്നാട് ആരോഗ്യമന്ത്രിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ആര്‍ കെ നഗറില്‍ 89 കോടി രൂപ വിതരണം ചെയ്തതിന്‍റെ രേഖകള്‍ കണ്ടെത്തിയത്. ഇതിന്‍റെ വിശദാംശങ്ങള്‍ ആദായ നികുതി വകുപ്പ് തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. മണ്ഡലത്തിലെ നിലവിലെ അവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുകയും ചെയ്തു. ഈ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച ശേഷം തെരഞ്ഞെടുപ്പ് നീട്ടിവക്കണോ എന്ന കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാകും തീരുമാനിക്കുക. ഏതാണ്ട് സമാന സാഹചര്യത്തില്‍ തമിഴ്നാട്ടിലെ 2 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ വര്‍ഷം മാറ്റിവച്ചിരുന്നു. പുറത്തുവന്ന രേഖകള്‍ വ്യാജമാണെന്നും ഡിഎംകെ ആണ് പണം വിതരണം ചെയ്യുന്നതെന്നുമാണ് ശശികലപക്ഷത്തിന്‍റെ വാദം. തമിഴ്നാട് ആരോഗ്യമന്ത്രി വിജയഭാസ്കറിനും നടനും മുന്‍ എം എല്‍ എ യുമായ ശരത് കുമാറിനും ആദായ നികുതി വകുപ്പ് അധികൃതര്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമണ്‍സ് അയച്ചു. ഇരുവരുടെയും വീടുകളില്‍ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു.