ദില്ലി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടത്താന്‍ കഴിയുമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വെല്ലുവിളി ഏറ്റെടുത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വിശ്വാസ്യത ഉറപ്പ് വരുത്താന്‍, ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെയും വോട്ടിന് തെളിവായി സ്ലിപ്പ് നല്‍കുന്ന വി.വി പാറ്റിന്റേയും പ്രവര്‍ത്തന രീതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിക്കും. 

നേരത്തെ ആം ആദ്മി പാര്‍ട്ടി അടക്കമുള്ളവ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിയ കമ്മീഷന്‍, വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത തെളിയിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയും ഉദ്യോഗസ്ഥരും ഇന്ന് ദില്ലിയില്‍ മാധ്യമങ്ങളെ കാണും. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത പരീക്ഷിക്കാനുള്ള ഹാക്കത്തോണിന്റെ തീയതിയും ഇന്ന് നിശ്ചയിക്കും. വോട്ട് ആര്‍ക്കു ചെയ്തെന്ന് വ്യക്തമാക്കുന്ന സ്ലിപ് കിട്ടുന്ന വി.വി പാറ്റ് മെഷീനുകളായിരിക്കും അടുത്ത തെരഞ്ഞെടുപ്പ് മുതല്‍ രാജ്യത്ത് ഉപയോഗിക്കുകയെന്ന് കമ്മീഷന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.