മാതാപിതാക്കള്‍, ഭാര്യ, ഭര്‍ത്താവ്, കുട്ടികള്‍ എന്നിവര്‍ക്കുള്ള സന്ദര്‍ശക വിസയാണ് ഇ വിസയായി നല്‍കാന്‍ ആഭ്യന്തര വകുപ്പ് ഉദ്ദേശിക്കുന്നത്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലുമുള്ള ജോലിഭാരം ലഘൂകരിക്കാന്‍ എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഇലക്ട്രോണിക് സംവിധാനത്തിലൂടെയാക്കാനും ഭാവിയില്‍ എല്ലാ തരം വിസകളും നല്‍കുന്നത് ഇ-സംവിധാനം വഴിയാക്കാനും ആഭ്യന്തര മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്. 

ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ ഇലക്ട്രോണിക് സേവനങ്ങള്‍ ലഭിക്കാന്‍ രാജ്യത്തെ സ്വദേശികള്‍ക്കും,വിദേശികള്‍ക്കും ഒരു രഹസ്യനമ്പര്‍ നല്‍കാനുള്ള നടപടി സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിട്ടിയുമായി സഹകരിച്ച് നടപ്പാക്കും. സിവില്‍ ഐ.ഡി നമ്പര്‍ ഉപയോഗിച്ച് ഇലക്ട്രോണികസേവനങ്ങള്‍ നടത്താനാണ് ഇത്. ഡിഎന്‍എ ടെസ്റ്റ് ആവശ്യമില്ലാതെ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ഇ പാസ്പോര്‍ട്ട് നല്‍കാന്‍ മന്ത്രിസഭ, ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷേഖ് ഖാലിദ് അല്‍ ജാറഹിന് നിര്‍ദേശം നല്‍കിയതായി സുരക്ഷാ വിഭാഗം അറിയിച്ചു. 

ഇ പാസ്പോര്‍ട്ട് സംവിധാനം തയാറായി കഴിഞ്ഞാല്‍ ഫെബ്രുവരിയിലെ ദേശീയദിനാഘോഷങ്ങള്‍ക്കുശേഷം എപ്പോള്‍ വേണമെങ്കിലും ആഭ്യന്തര മന്ത്രാലയത്തിന് ഇ പാസ്പോര്‍ട്ട് നല്‍കാമെന്ന് മന്ത്രിസഭ വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ ഏകദേശം രണ്ടുലക്ഷം പൂരിപ്പിക്കാത്ത പാസ്പോര്‍ട്ട് അപേക്ഷകള്‍ മന്ത്രാലയത്തിനു ലഭിച്ചിട്ടുണ്ട്. ഇ പാസ്പോര്‍ട്ട് പദ്ധതിയില്‍നിന്ന് ഡിഎന്‍എ പരിശോധന ഒഴിവാക്കുന്നതുവരെ ഇതിനായി രൂപീകരിച്ചിരിക്കുന്ന കമ്മിറ്റി പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ കുട്ടിച്ചേര്‍ത്തു.