പരിക്കേറ്റ് അവശനായ ആനയെ എഴുന്നള്ളിച്ചു എറണാകുളത്ത് ക്ഷേത്രം ഭാരവാഹികളുടെ ക്രൂരത വനം വകുപ്പിന്‍റെ വിലക്കും മറികടന്നു
കൊച്ചി: വനം വകുപ്പിന്റെ വിലക്ക് മറികടന്ന് പരിക്കേറ്റ ആനയെ ക്ഷേത്ര എഴുന്നള്ളിപ്പിനിറക്കി. എറണാകുളം കാക്കനാട് പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിലാണ് ആനയെ എഴുന്നള്ളിച്ചത്. കാലിൽ ഗുരുതരമായി പരിക്കേറ്റ ആനയെ എഴുന്നള്ളിക്കരുതെന്ന് സോഷ്യൽ ഫോറസ്ട്രി ഉദ്യോഗസ്ഥൻ നേരിട്ടെത്തി നൽകിയ നിർദേശമാണ് ക്ഷേത്രം ഭാരവാഹികൾ അവഗണിച്ചത്.
എഴുന്നള്ളിപ്പിനായി തൃശൂരിൽ നിന്ന് വന്ന് മഹാദേവൻ എന്ന ആനയുടെ പിൻ കാലുകളിൽ ആഴമേറിയ വ്രണങ്ങളാണുള്ളത്. മുറിവ് കാരണം കാലുകൾ നിലത്തുറപ്പിക്കാൻ ആകാത്ത സ്ഥിതിയിലായിരുന്നു. ആനയെ പരിശോധിച്ച സോഷ്യൽ ഫോറസ്റ്റ്ട്രി , സെൻട്രൽ വൈൽഡ് ലൈഫ് കൺട്രോൾ ബ്യൂറോ ,എസ് പി സി ഐ ഉദ്യോഗസ്ഥരുടെ വിലക്ക് ലംഘിച്ചാണ് മഹാദേവനെ എഴുന്നള്ളിപ്പിനിറക്കിയത്.
എന്നാൽ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ച ആനയാണിതെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ വിശദീകരണം. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടാൻ കടമ്പകളില്ലാത്തത് ഭാരവാഹികൾ മുതലെടുത്തുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ. മദപ്പാടും പരിക്കുകളും ഉള്ള ആനകളെ എഴുന്നള്ളിപ്പിനിറക്കരുതെന്ന നാട്ടാന പരിപാലന നിയമം ലംഘിച്ചാണ് ക്ഷേത്രത്തിന്റെ ക്രൂരത. കഴിഞ്ഞ 3 മാസത്തിനിടെ മാത്രം ഇത്തരം സാഹചര്യത്തിൽ 12 ആനകളാണ് സംസ്ഥാനത്ത് ചരിഞ്ഞത്.

