കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ധനസഹായം നല്‍കും

പാലക്കാട്: പാലക്കാട് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വനം മന്ത്രി അഡ്വ.കെ.രാജു അറിയിച്ചു. പാലക്കാട് ഒലവക്കോടിനടുത്ത വാഴേക്കാട് പ്രഭാകരൻ (45) എന്നയാളുടെ കുടുംബത്തിനാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.

അഞ്ച് ലക്ഷം രൂപ ഉടൻ കൈമാറും. അദ്ദേഹത്തിന്റെ ശവസംസ്കാര ചെലവും പരിക്കേറ്റ് ആശുപത്രിയിലുള്ളയാളിന്റെ ചികിത്സാ ചെലവും സർക്കാർ വഹിക്കുമെന്നും മന്ത്രി അറിയിച്ചു. അക്രമകാരിയായ ആനയെ തുരത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പുചെയ്യുന്നുണ്ട്. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പാക്കാനാവശ്യമായ നടപടികൾ ഉറപ്പു വരുത്താൻ ഈസ്റ്റേൺ സർക്കിൾ സി സി.എഫിന് മന്ത്രി നിർദ്ദേശം നൽകി.