മുബൈയിലെ ചികിത്സ അവസാനിപ്പിച്ച് ലോകത്തെ ഭാരമേറിയ യുവതിയായ എമന്‍ അഹ്മദ് അബുദാബിയിലെത്തി. ആറുമാസത്തെ ചികിത്സകൊണ്ട് കൊണ്ട് എമനെ നടത്തിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ബര്‍ജീല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ പറഞ്ഞു

പ്രത്യേകം രൂപമാറ്റം വരുത്തിയ ഈജിപ്ത് എയര്‍ കാര്‍ഗോയില്‍ പ്രാദേശിക സമയം രാത്രി ഒമ്പതിന് എമാന്‍ അബുദാബിയില്‍ പറന്നിറങ്ങി. ബുര്‍ജീല്‍ ആശുപത്രി മേധാവി ഷംസീര്‍ വയലില്‍ അടക്കമുള്ള ഡോക്ടര്‍മാരുടെ നീണ്ടനിര പൂച്ചെണ്ടുകളുമായി ലോകത്തിലെ ഭാരമേറിയ യുവതിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. തുടര്‍ ചികിത്സയ്‌ക്ക് നാതൃത്വം നല്‍കുന്ന ഡോ. സാനെറ്റ് മേയറിനും എമാന്റെ സഹോദരിയും മൂന്ന് സഹായികളുമാണ് മുംബൈ അബുദാബി യാത്രയില്‍ ഒപ്പമുണ്ടായിരുന്നത്.

വിമാനത്തില്‍ നിന്നും ആംബുലന്‍സിലേക്ക് മാറ്റിയ എമാനെ നേരെ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. അപ്പോഴേക്കും പരിസരം പോലീസ് നിയന്ത്രണത്തിലായി. തത്സമയ റിപ്പോര്‍ട്ടുകളുമായി അറബ് മാധ്യമങ്ങള്‍ മത്സരിച്ചതോടെ സ്വദേശികളും ഒഴുകിയെത്തി. ആശുപത്രിയിലെത്തിയ എമനെ നേരെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആറുമാസത്തെ ചികിത്സയിലൂടെ ആരോഗ്യസ്സഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി മെഡിക്കല്‍ ഡയറക്ടര്‍ യാസിന്‍ എല്‍ ഷഹാത് പറഞ്ഞു. എമാനെ നടത്തിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 500 കിലോ ഭാരവുമായി ഫെബ്രുവരിയില്‍ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 36കാരിയുടെ ഭാരം ഇപ്പോള്‍ 176 കിലോയാണ്. സാധാരണകാരെപോലെ എഴുന്നേറ്റ് നടക്കാന്‍ പറ്റുമെന്ന എമാന്റെ ആഗ്രഹം എത്രകണ്ട് സഫലമാകുമെന്നാണ് ഇനി അറിയേണ്ടത്.