എമിറേറ്റ്സ് വിമാനത്തിലാണ് അപകടം ഉണ്ടായത്

കമ്പല: എമിറേറ്റ്സ് വിമാനത്തിലെ എമര്‍ജന്‍സി ഡോറിലൂടെ പുറത്ത് വീണ് ജീവനക്കാരി മരിച്ചു. ഉഗാണ്ടയിലെ എന്‍റബെ വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്ത വിമാനത്തില്‍നിന്ന് വീണാണ് അപകടം. വിമാനത്തിലേക്ക് ആളുകളെ കയറ്റുന്നതിനിടയില്‍ ബുധനാഴ്ചയാണ് അപകടമുണ്ടായത്. എമര്‍ജന്‍സി ഡോറിനിടയിലൂടെ വീണ ഇവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കും മുമ്പ് അവര്‍ മരിക്കുകയായിരുന്നു. 

അതേസമയം അപകടത്തിന് സാക്ഷിയായിരുന്ന വിമാനത്താവളത്തിലെ ജീവനക്കാരനായ ഇസാക് സ്ക്രാമ്പ, ആത്മഹത്യയാണെന്നാണ് മൊഴി നല്‍കിയത്. യുവതി വിമാനത്തില്‍നിന്ന് എടുത്ത് ചാടുകയായിരുന്നുവെന്നാണ് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടത്തില്‍ ജീവനക്കാരി മരിച്ചുവെന്ന വാര്‍ത്ത എമിറേറ്റ്സ് അധികൃതര്‍ വാര്‍ത്താകുറിപ്പിലൂടെ സ്ഥിരീകരിച്ചു. ജീവനക്കാരിയുടെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും എമിറേറ്റ്സ് അറിയിച്ചു.