ഇമ്മാനുവൽ മാക്രോണ്‍ 39ാം വയസിലാണ് ഫ്രഞ്ച് പ്രസിഡന്‍റാകുന്നത്. 2016ൽമാത്രം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയ മക്രോണിന് ഇങ്ങനെയൊരു വിജയം ആരും പ്രതീക്ഷിച്ചിരുന്നില്ല.

റോത്സ്ചൈൽഡ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഇമ്മാനുവൽ മക്രോൺ പ്രസിഡന്റ് ഫ്രാൻസ്വ ഒളോന്ദിന്റെ ദത്തുപുത്രനായാണ് രാഷ്ട്രീയത്തിലെതതിയത്. ആദ്യം സാമ്പത്തിക ഉപദേഷ്ടാവ്, തെരഞ്ഞെടുക്കപ്പെടാതെതന്നെ 2014ൽമന്ത്രി. മക്രോൺ നിയമം എന്നറിയപ്പെട്ട വിവാദപരിഷ്തരണങ്ങളിലൂടെ പ്രശസ്തനായ മക്രോൺ വ്യവസായങ്ങൾക്ക് അനുകൂലനിലപാടെടുത്തു. പക്ഷേ 2016ൽ സ്വന്തം പാർട്ടിക്ക് രൂപം നൽകിയതോടെ മന്ത്രിസഭയിൽനിന്ന് പുറത്തായി.

ON THE MOVE എന്നായിരുന്നു കഷ്ടിച്ച് 200 ആംഗങ്ങളുമായി തുടങ്ങിയ മക്രോണിന്റെ പാർട്ടിയുടെ പേര്. പ്രസിഡൻഷ്യൽ മോഹം മക്രോൺ അന്നേ മറച്ചുവെച്ചിരുന്നില്ല. അന്ന് പലരും മക്രോണിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. മത്സരമോഹം 2022ലേക്ക് മാറ്റിവെക്കാൻ ഉപദേശിച്ചു. പക്ഷേ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പുതുമുഖമെങ്കിലും മക്രോൺ ഫ്രഞ്ച് രാഷ്ട്രീയം നന്നായി മനസ്സിലാക്കിയിരുന്നു. അതീവബുദ്ധിമാനെന്നാണ് മക്രോണിനെ അടുത്ത സുഹൃത്തുക്കൾ വിശേഷിപ്പിക്കുന്നത്.

വീടുകൾ കയറിയിറങ്ങി പ്രശ്നങ്ങൾ ചോദിച്ചുമനസ്സിലാക്കുകയാണ് ആദ്യം മക്രോണിന്റെ പ്രചാരണസംഘം ചെയ്തത്. എതിർസ്ഥാനാർത്ഥിയായ മറി ല്യു പെൻ അടക്കം പലരും മക്രോണിനെ പരിഹസിച്ചു, ആശയങ്ങൾക്ക് വ്യക്തതയില്ല എന്നാരോപിച്ചു. പക്ഷേ എല്ലാവരേയും അമ്പരിപ്പിച്ചുകൊണ്ട് മക്രോൺ മുന്നേറി. ആദ്യറൗണ്ടിൽ റിപബ്ലിക്കിൻ പാർട്ടിയേയും സോഷ്യലിസ്റ്റുകളേയും പിന്തള്ളി. രണ്ടാം റൗണ്ടിലെ വിജയം ഏതാണ്ട് അനായാസമായിരുന്നു.

റഷ്യയുടെ കൈയുണ്ടെന്ന് മക്രോൺ ആരോപിച്ച ഇമെയിൽ വിവാദം എന്തായാലും തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചില്ല. മറി ല്യു പെന്നിന്റെ തീവ്രവലതുനിലപാടുകൾ അംഗീകരിക്കാന്‍ രാജ്യം തയ്യാറല്ലെന്ന് ഈ തെരഞ്ഞെടുപ്പോടെ തെളിഞ്ഞിരിക്കുകയാണ്. സാമ്പത്തികരംഗം, കുടിയേറ്റപ്രശ്നം, ബ്രക്സിറ്റ്, ഇതൊക്കയാണ് പുതിയ പ്രസിഡന്റിനെ കാത്തിരിക്കുന്നത്. പരിഷ്കരണമില്ലെങ്കിൽ ഇനി ഫ്രക്സിറ്റായിരിക്കും സംഭവിക്കുകയെന്നാണ് മക്രോൺ യൂറോപ്യൻയൂണിയന് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. യൂറോപ്യൻ യൂണിയന്റെ സ്ഥാപകാംഗമായ ഫ്രാൻസിന്റെ ഈ നിലപാട് ബ്രക്സിറ്റ് പ്രതിസന്ധിയിൽ പെട്ട് ശ്വാസം മുട്ടുന്ന യൂറോ യൂണിയനെ സംബന്ധിച്ച് അത്രസുഖകരമല്ല.