എൻഡോസൾഫാൻ സമരസമിതി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന് വാഹനാപകടത്തിൽ പരിക്കേറ്റു. സമരപ്പന്തലിനു മുമ്പിൽ വച്ച് ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.

തിരുവനന്തപുരം: എൻഡോസൾഫാൻ സമരസമിതി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന് വാഹനാപകടത്തിൽ പരിക്കേറ്റു. സമരപ്പന്തലിനു മുമ്പിൽ വച്ച് ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. കുഞ്ഞികൃഷ്ണനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കുടുംബത്തിന്‍റെ സമരം നാലാംദിവസവും തുടരുകയാണ്. സമരസമിതി മന്ത്രിമാരുമായി നടത്തിയ ചര്‍ച്ച പരാജയമെന്ന് സമരസമിതി. ദുരിതബാധിതര്‍ നടത്തി വരുന്ന സമരം തുടരുമെന്നും സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും സമരസമിതി വ്യക്തമാക്കി. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും ആരോഗ്യ മന്ത്രി കെ കെ ശൈലജയുമാണ് സമരസമിതിയുമായി ചര്‍ച്ച നടത്തിയത്. സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഞായറാഴ്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കട യാത്ര നടത്തുമെന്നും ഇരകളെ നിശ്ചയിക്കുന്നതിൽ അതിർത്തികൾ ബാധകമാക്കരുതെന്നും സമിതി ആവശ്യപ്പെടുന്നു.

എൻഡോസൾഫാൻ ബാധിതരായ എട്ടുകുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘമാണ് തലസ്ഥാനത്ത് സമരം നടത്തുന്നത്. മുഴുവൻ ദുതിതബാധിതരേയും സർക്കാർ ലിസ്റ്റിൽ ഉൾപ്പെടുത്തുക,സുപ്രീം കോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവർക്കും നൽകുക, കടങ്ങൾ എഴുതി തള്ളുക, പുനരധിവാസ ഗ്രാമം പദ്ധതി യാഥാർത്ഥ്യമാക്കുക തുടങ്ങിയവയാണ് സമരത്തിന്‍റെ ആവശ്യങ്ങൾ.