തിരുവനന്തപുരം: ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി സെക്രട്ടറിയേറ്റിന് മുന്നിൽ ഏകദിന സൂചന സമരം ആരംഭിച്ചു. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞവർ എല്ലാം തകിടം മറിച്ചുവെന്ന് സമരം ഉദ്ഘാടനം ചെയ്ത സാമൂഹ്യ പ്രവർത്തക ദയാബായി പറഞ്ഞു. സമരക്കാർ മുഖ്യമന്ത്രിയുമായി ഇന്ന് ചർച്ച നടത്തിയേക്കും. അടുത്തയാഴ്ച കാസർകോട് യോഗം ചേരുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.
സുപ്രീം കോടതി ഉത്തരവ് പ്രകാരം 5848 പേർക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്. എന്നാല്‍, നഷ്ടപരിഹാരം കിട്ടിയത് 2665 പേർക്ക് മാത്രമാണ്. കഴിഞ്ഞ വര്‍ഷം ക്യാമ്പ് നടത്തി 1905 പേരുടെ കരട് പട്ടിക തയ്യാറാക്കിയെങ്കിലും 287 പേരെ മാത്രമാണ് സർക്കാർ പട്ടികയിൽ ഉൾപ്പെടുത്തിയത്. അനധികൃതമായി ഒഴിവാക്കപ്പെട്ടവരെ കൂടി പരിഗണിക്കുക , ദുരന്തബാധിതർക്കുള്ള കടങ്ങൾ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ മുന്നോട്ട് വയ്ക്കുന്നുണ്ട്..ദുരന്തബാധിതർക്കൊപ്പം കാസർഗോഡ് നിന്ന് തിരുവനന്തപുരത്ത് എത്തിയ സാമൂഹ്യ പ്രവർത്തക ദയാബായി സമരം ഉദ്ഘാടനം ചെയ്തു. കേരളം ഭരിക്കുന്നത് മനുഷ്യരാണോയെന്ന് ചോദിച്ച ദയാബായി സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശങ്ങളും ഉന്നയിച്ചു
പുനരധിവാസ പദ്ധതി നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടായെന്നും, ദുരന്തബാധിതരുടെ പട്ടിക സർക്കാർ പുനപരിശോധിക്കുന്ന മെന്നും സമരവേദിയിലെത്തിയ സി പി ഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. സൂചന സമരം ഫലം കണ്ടില്ലെങ്കിൽ മാർച്ച് പകുതിയോടെ അനിശ്ചിതകാല സമരത്തിനാണ് തീരുമാനം.
