പ്രതീക്ഷ നൽകി ഇംഗ്ലണ്ട് യുവനിര
മോസ്‌കോ: അഞ്ച് പതിറ്റാണ്ടിന് ശേഷം ലോകകിരീടമെന്ന ഇംഗ്ലണ്ടിന്‍റെ സ്വപ്നമാണ് ക്രൊയേഷ്യക്ക് മുന്നിൽ പൊലിഞ്ഞത്. എങ്കിലും സമീപകാല ലോകകപ്പുകളിൽ ഇംഗ്ലണ്ടിന്‍റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു റഷ്യയിൽ. ലോകകിരീടം ഫുട്ബോളിന്‍റെ ജന്മനാട്ടിലേക്ക് മടങ്ങിയെത്താന്‍ ഇനിയും കാത്തിരിക്കണം.
ലോകകപ്പിനായി ഇംഗ്ലണ്ടിൽ നിന്ന് തിരിക്കുമ്പോൾ ആരാധകർ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല ടീം സെമി വരെ എത്തുമെന്ന്. പാനമയെയും ടുണീഷ്യയേയും കീഴക്കിയ ഇംഗ്ലണ്ട് പ്രീ ക്വാർട്ടർ ഉറപ്പിച്ചത് ആധികാരികമായി. രണ്ടാം നിര ടീമിന ഇറക്കി ബെൽജിയത്തോട് തോറ്റ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായപ്പോൾ ഇംഗ്ലണ്ട് സന്തോഷിച്ചിട്ടുണ്ടാകും. ക്വാർട്ടറിൽ ബ്രസീലിനെ തോല്‍പിച്ചാണ് ഒന്നാം സ്ഥാനക്കാരായ ബെൽജിയം സെമിയിലെത്തിയതെങ്കിൽ ഇംഗ്ലണ്ടിന് നേരിടേണ്ടി വന്നത് റാങ്കിംഗിൽ പിന്നിലുള്ള സ്വീഡനെ.
മുൻ ലോകകപ്പുകളിലെ ഷൂട്ടൗട്ട് നിർഭാഗ്യം പ്രീ ക്വാർട്ടറിൽ അതിജീവിച്ചപ്പോൾ ക്വാർട്ടറിൽ അധികം ആയാസപ്പെടാതെ ജയിച്ച് മുന്നേറി. ഇത്തരത്തിൽ ഒത്തൊരുമിച്ച് കളിക്കുന്ന ഇംഗ്ലണ്ട് ടീമിനെ അടുത്തകാലത്തൊന്നും കണ്ടിട്ടുണ്ടായിരുന്നില്ല ആരാധകർ. ബെക്കാമിനും റൂണിക്കും കഴിയാത്തത് ഹാരി കെയ്നാകുമെന്നത് വെറും പ്രതീക്ഷയായിരുന്നില്ല ഇംഗ്ലണ്ടിന്.
ടീം കിരീടവുമായി എത്തുമ്പോൾ സ്വീകരണം എവിടെ നൽകണം എന്നതിനെക്കുറിച്ചായിരുന്നു അവരുടെ ആലോചന. രണ്ട് ഷൂട്ടൗട്ട് പോരാട്ടങ്ങൾ മറികടന്നെത്തുന്ന ക്രൊയേഷ്യയെക്കുറിച്ചല്ല, ഫൈനലിൽ ഫ്രാന്‍സിനെതിരെ മെനയേണ്ട തന്ത്രങ്ങളെക്കരഇച്ച് തലപുകച്ചു അവിടുത്തെ പല ഫുട്ബോൾ വിദഗ്ദ്ധരും. സെമിയിൽ അഞ്ചാം മിനിറ്റിൽത്തന്നെ മുന്നിലെത്തിയതോടെ ആവേശം അണപൊട്ടി
എന്നാല്‍ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ഈ ആവേശം പക്ഷെ കണ്ണീരിന് വഴിമാറി. ലോകകപ്പിൽ 1990ന് ശേഷമുള്ള ഇംഗ്ലണ്ടിന്റെ മികച്ച കുതിപ്പിന് ഒടുവിൽ വിരാമം. എങ്കിലും ഗാരത് സൗത്ത്ഗേറ്റിന്‍റെ കുട്ടികൾ തല ഉയർത്തിത്തന്നെയാകും റഷ്യയിൽ നിന്ന് മടങ്ങുക. ഇംഗ്ലീഷ് ഫുട്ബോളെന്നാൽ പ്രീമിയർ ലീഗ് മാത്രമല്ലെന്ന് അവർ കാട്ടിത്തന്നിരിക്കുന്നു. നാല് വർഷത്തിനപ്പുറം ഖത്തറിൽ ഇംഗ്ലണ്ടിന് ഈ കാലുകളിൽ നിന്ന് പ്രതീക്ഷിക്കാൻ ഏറെയുണ്ട്.
