ബെക്കാം വിരമിച്ച ശേഷം ഇംഗ്ലണ്ട് വീണ്ടും സെറ്റ്പീസുകളില്‍ അപകടകാരികളാകുന്നു
മോസ്കോ: ഡെഡ്ബോളിൽ അഗ്രഗണ്യനായിരുന്നു ഇംഗ്ലണ്ടിന്റെ ഇതിഹാസ താരമായിരുന്ന ഡേവിഡ് ബെക്കാം. നിശ്ചലാവസ്ഥയിലുള്ള പന്തിനെ പ്രത്യേക വേഗത്തിലും ആംഗിളിലും ഷൂട്ട് ചെയ്ത് എതിര് ടീമിന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കി ബെക്കാം നേടിയ ഗോളുകള് ഇന്നും കളി പ്രേമികളുടെ മനസില് നിന്ന് മാഞ്ഞിട്ടില്ല. ബെക്കാം ബൂട്ടഴിച്ചതോടെ ഇംഗ്ലണ്ട് സെറ്റ്പീസുകളും കൈവിട്ടു.
പക്ഷേ റഷ്യയിൽ ഗാരെത് സൗത്ഗേറ്റ് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിക്കുന്നത് ഇതേ സെറ്റ് പീസ് മികവിനെ പൊടി തട്ടിയെടുത്താണ്. ബാസ്കറ്റ്ബോളിൽ അമേരിക്കൻ താരങ്ങൾ പ്രതിരോധം തകർക്കാൻ കണ്ടെത്തിയ പിക് ആൻഡ് റോൾ എന്ന തന്ത്രം നടപ്പാക്കിയാണ് സൗത്ത്ഗേറ്റ് ഇംഗ്ലണ്ടിനെ സെറ്റ് പീസിൽ അപകടകാരികളാക്കിയത്.
കോർണർ കിക്കും ഫ്രീകിക്കും എടുക്കുമ്പോള് ഹാരി കെയ്നും റഹീം സ്റ്റെർലിംഗും മുന്നിലുണ്ടാവും. പിന്നിൽ കൂട്ടംകൂടി മൂന്നോ നാലോ പേരും. ഒരുമിച്ച് നിൽക്കുമ്പോള് ഡിഫൻഡർമാർക്ക് ഓരോരുത്തരെ നോട്ടമിടുക പ്രയാസം. പന്ത് എത്തുന്ന നിമിഷം ബോക്സിൽ ഇംഗ്ലീഷ് താരങ്ങൾ ചിതറി മാറും. ഇതിനൊപ്പം ഡിഫൻഡർമാരും. ഈ സമയം മാര്ക്ക് ചെയ്യപ്പെടാതെ നില്ക്കുന്ന താരം മതിയാകും പന്ത് ഗോളിലെത്തിക്കാൻ.
സ്കോട്ലൻഡ് മുൻ താരവും സ്ട്രൈക്കർ കോച്ചുമായ അലൻ റസ്സലിന്റെ സഹായത്തോടെയാണ് സൗത്ത്ഗേറ്റ് സെറ്റ്പീസ് മികവ് ഇംഗ്ലീഷ് ടീമിൽ നടപ്പാക്കിയത്. കൃത്യസ്ഥാനത്ത് നിലയുറപ്പിക്കുക. കൃത്യസമയത്ത് ചലിക്കുക എന്നിവയാണ് സെറ്റ് പീസിൽ ഏറ്റവും പ്രധാനം. ഇതിനായി അലൻ റസലിന് കീഴിൽ പ്രത്യേക പരിശീലനം ഹാരി കെയ്നും സംഘവും നടത്തി. ഇത് ലോകകപ്പിൽ അവരുടെ മുന്നേറ്റത്തിൽ പ്രതിഫലിക്കുകയും ചെയ്തു. ഇംഗ്ലണ്ട് ഇതുവരെ നേടിയ പതിനൊന്നിൽ എട്ടുഗോളും സെറ്റ് പീസിലൂടെയാണ്.
