ചെന്നൈ: തമിഴ്നാട്ടിലെ ഭരണകക്ഷിയായ എഡിഎംകെയിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ലയനത്തിന് വഴിയൊരുങ്ങുന്നു. മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവവുമായി പളനിസ്വാമി പക്ഷം ഒരുമിച്ച് പ്രവർത്തിക്കുന്നതിനുള്ള ധാരണയിലേക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയലളിതയുടെ സ്മാരകത്തില്‍ എത്തുന്ന എടപ്പാടി പളിനിസാമി ഇത് പ്രഖ്യാപിക്കുമെന്നാണ് സൂചന.
നേരത്തെ, എടപ്പാടി പളിനിസാമി വിഭാഗത്തിലെ പ്രമുഖർ പനീർസെൽവവുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിമാരായ എസ്.പി. വേലുമണി, പി. തങ്കമണി എന്നിവരാണു ചെന്നൈയിൽ വച്ച് ചർച്ച നടത്തിയത്. ഇതിനു പിന്നാലെ, പളനിസ്വാമി മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പഴനിസ്വാമി വിഭാഗവും ചർച്ചകൾ നടത്തിയിരുന്നു. ജയലളിതയുടെ മരണത്തില്‍ തമിഴ്നാട് സർക്കാർ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ലയനകാര്യങ്ങള്‍ വേഗത്തിലാകുമെന്നാണ് സൂചന.
അതേസമയം, ശശികലയുടെ ജന്മദിനമായ ഇന്ന് ടി.ടി.വി. ദിനകരന്‍ അവരെ പരപ്പന അഗ്രഹാര ജയിലില്‍ സന്ദര്‍ശിച്ചു. സിബിഐ അന്വേഷണം വേണമെന്ന നിലപാടില്‍നിന്നും ജുഡീഷ്യല്‍ അന്വേഷണം നടക്കട്ടെയെന്ന നിലപാടിലേക്കു പനീര്‍സെല്‍വം വിഭാഗം മാറുമോ എന്നാണ് പ്രധാനമായും അറിയേണ്ടത്.
ഒപിഎസ് വിഭാഗത്തില്‍നിന്നും കെ.പി. മുനുസാമി സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്തെങ്കിലും പാണ്ഡ്യരാജന്‍ സ്വാഗതം ചെയ്തു. തര്‍ക്കമൊഴിവാക്കി ഏകാഭിപ്രായം രൂപീകരിക്കാനാവും ഒപിഎസ് ശ്രമിക്കുക. എന്തായാലും ലയനം സംബന്ധിച്ച് അടുത്ത കരു നീക്കേണ്ടത് പനീര്‍സെല്‍വം വിഭാഗമാണ്. അതിനായുള്ള കാത്തിരിപ്പാണ് എടപ്പാടി ക്യാംപില്‍.
