Asianet News MalayalamAsianet News Malayalam

ഇരവികുളം ദേശീയോദ്യാനം  സഞ്ചാരികള്‍ക്കായി തുറന്നു

  • ഇത്തവണ നൂറിലധികം വരയാട്ടിന്‍ കുട്ടികള്‍ പിറന്നിട്ടുണ്ടാകുമെന്നാണ് വനംവകുപ്പിന്റെ നിഗമനം.
Eravikulam National Park opened for tourists

ഇടുക്കി:  വരയാടുകളുടെ പ്രജനനകാലത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനം സഞ്ചാരികള്‍ക്കായി തുറന്നു നല്‍കി. ഇത്തവണ നൂറിലധികം വരയാട്ടിന്‍ കുട്ടികള്‍ പിറന്നിട്ടുണ്ടാകുമെന്നാണ് വനംവകുപ്പിന്റെ നിഗമനം. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ വരയാട്ടിന്‍ കുട്ടികളുടെ കണക്കെടുപ്പ് ആരംഭിക്കും. 

രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും പാര്‍ക്ക് തുറന്നതോടെ ആദ്യ ദിനം തന്നെ ആയിരക്കണക്കിന് സന്ദര്‍ശകരാണ് രാജമലിയിലേയ്ക്ക് എത്തിയത്. വരയാടുകളുടെ കേന്ദ്രമായ രാജമലയില്‍ എല്ലാ വര്‍ഷവും വരയാടുകളുടെ പ്രജനനകാലത്തെ തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്താറുണ്ട്. ഇത്തവണയും പ്രജനനകാലത്തെ തുടര്‍ന്ന് ഫെബ്രുവരി പകുതിയോടെ പാര്‍ക്ക് അടച്ചിരുന്നു. 

തുടര്‍ന്ന് ഏപ്രില്‍ മാസം ആദ്യം പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രജനനകാലം അവസാനിക്കാന്‍ താമസമെടുത്തതിനാല്‍ വിലക്ക് നീട്ടുകയായിരുന്നു. ബുധനാഴ്ച രാവിലെ മുതല്‍ തന്നെ ടിക്കറ്റ് വാങ്ങുന്നതിനായി പാര്‍ക്കില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. 

മൂന്നാര്‍ ടൗണിലെ വനം വകുപ്പിന്റെ ഓഫീസിലും ടിക്കറ്റ് കൗണ്ടറുകള്‍ തുറന്നിരുന്നു. പുലര്‍ച്ചെ ആദ്യമെത്തുന്നവര്‍ക്ക് 11 മണി വരെ ടിക്കറ്റുകള്‍ ഇവിടെ നിന്നും ലഭിക്കും. ഇവര്‍ക്ക് രാജമലയില്‍ വീണ്ടും ക്യുവില്‍ നില്‍ക്കേണ്ട ആവശ്യമില്ല. കഴിഞ്ഞ വര്‍ഷം തൊണ്ണൂറ്റി ഏഴ് വരയാട്ടിന്‍ കുട്ടികളാണ് പിറന്നിരുന്നത്. ഇത്തവണ നൂറിന് മുകളിലുണ്ടാകുമെന്നതാണ് കണക്കൂകൂട്ടല്‍. 

രണ്ടാഴ്ച്ചയ്ക്കുള്ളില്‍ വരയാട്ടിന്‍ കുട്ടികളുടെ കണക്കെടുപ്പ് ആരംഭിക്കും. കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ മാത്രമേ കൃത്യമായ വിവരം ലഭിക്കുകയുള്ളു. നിലവില്‍ സഞ്ചാരികള്‍ക്കായി ഇരിപ്പിടങ്ങളടക്കം ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നീലക്കുറിഞ്ഞി രാജമലയില്‍ വ്യാപകമായി പൂക്കുന്നതോടെ ഇവിടേയ്ക്കുള്ള സഞ്ചാരികളുടെ കടന്നുവരവില്‍ വന്‍ വര്‍ദ്ധനയുണ്ടാകും. 

എട്ട് ലക്ഷത്തോളം സഞ്ചാരികള്‍ നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കുവാന്‍ എത്തുമെന്നാണ് കണക്കൂട്ടുന്നത്. ഇതിന്റെ ഭാഗമായി വാഹന പാര്‍ക്കിംഗ് അടക്കമുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. 


 

Follow Us:
Download App:
  • android
  • ios