കൊച്ചി: എറണാകുളം ടി.ഡി റോഡിലെ ബാങ്ക് ഓഫ് ബെറോഡയുടെ റീജ്യണല്‍ ഓഫീസില്‍ തീപിടുത്തം. ഓഫീസിന്റെ ഒരുഭാഗം പൂര്‍ണമായും കത്തിയമര്‍ന്നു. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാവിലെ 6.30ഓടെടെയായിരുന്നു സംഭവം. ടി.ഡി റോഡ് വസുദേവ ബില്‍ഡിങിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ബെറോഡയുടെ റീജ്യണല്‍ ഓഫീസിലാണ് തീപടര്‍ന്നത്. പുക ഉയരുന്നതു കണ്ട വഴിയാത്രക്കാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. നാലുയൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം പാഞ്ഞെത്തി. കതക് പൊളിച്ച് അകത്തുകടന്നു. ഒരുമണിക്കൂറിലേറെ പരിശ്രമിച്ചിട്ടാണ് തീയണയ്‌ക്കാനായത്. അപ്പോഴേക്കും ബാങ്കിന്റെ ഒരുഭാഗം മുഴുവന്‍ അഗ്നിക്കിരയായി.

അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. വിശദ പരിശോധന നടത്തുമെന്ന് അഗ്നിശമന സേനാ വിഭാഗം അറിയിച്ചു. തീയണച്ച ശേഷം ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരെത്തി നഷ്‌ടപ്പെട്ട രേഖകളെ സംബന്ധിച്ച പരിശോധനകള്‍ നടത്തി. ലക്ഷങ്ങളുടെ നഷ്‌ടം കണക്കാക്കുന്നതായാണ് പ്രാഥമിക വിലയിരുത്തല്‍.