ബാങ്കില്‍നിന്ന് പണം കിട്ടുന്നില്ലെന്ന് പറഞ്ഞാണ് എസ്‌റ്റേറ്റ് ഉടമകള്‍ കൈമലര്‍ത്തിയത്. ഇതോടെ ലയങ്ങള്‍ പട്ടിണിയിലായി. ഇതെത്തുടര്‍ന്നാണ് തോട്ടം തൊഴിലാളികള്‍ക്ക് ജില്ലാ കളക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ പണം ലഭ്യമാക്കാന്‍ കഴിഞ്ഞ വെള്ളിയാഴ്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എങ്ങനെ പണം ലഭ്യമാക്കണമെന്ന നിര്‍ദ്ദേശം ഇന്നലെയാണ് കളക്ടര്‍മാര്‍ക്കെത്തിയത്. 

മുഴുവന്‍ തൊഴിലാളികളുടേയും ശമ്പളത്തുകയുടെ ചെക്കോ ഡിഡിയോ തോട്ടം ഉടമകള്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കണം. തൊഴിലാളികളുടെ കൃത്യമായ എണ്ണം സംബന്ധിച്ച് പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടറുടെ സാക്ഷ്യപത്രവും ഇതിനൊപ്പം സമര്‍പ്പിക്കണം. ഈ ചെക്ക് ജില്ലാ കളക്ടര്‍മാര്‍ ജില്ലാ ട്രഷറി മുഖേന മാറി പണം വിതരണത്തിനായി മാനേജ്‌മെന്റിനെ ഏല്‍പ്പിക്കും. എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.