ലോകകപ്പിന്റെ മാത്രമല്ല, ലോക ഫുട്ബോളിന്റെ ചരിത്രത്തിൽത്തന്നെ ഇങ്ങനെയൊരു ഗോളുണ്ടായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ മാങ്ങാട് രത്നാകരൻ തനിക്ക് ഏറ്റവും പ്രിയപ്പെട്ട പത്ത് ലോകകപ്പ് ഗോളുകളെക്കുറിച്ച് എഴുതുന്നു.
ലോകകപ്പിന്റെ മാത്രമല്ല, ലോക ഫുട്ബോളിന്റെ ചരിത്രത്തിൽത്തന്നെ ഇങ്ങനെയൊരു ഗോളുണ്ടായിട്ടില്ല. 24 പാസ്സുകളിൽ നിന്ന് വിരിഞ്ഞ ഗോൾ. 2006 ലോകകപ്പിൽ അർജന്റീന–സെർബിയ മോണ്ടിനെഗ്രോ മത്സരത്തിൽ, എസ്തെബാൻ കാമ്പിയാസ്സോ നേടിയ ഗോൾ, ഫുട്ബോൾ ഒറ്റയാന്മാരുടെ കളിയല്ല എന്ന് അരക്കിട്ടുറപ്പിച്ചു.
ലോകകപ്പിൽ മുമ്പ് ഏതാണ്ട് അങ്ങനെയൊരു മുഹൂർത്തമുണ്ടായിരുന്നു. 1974-ൽ പശ്ചിമ ജർമ്മനി-ഹോളണ്ട് സ്വപ്നഫൈനൽ. ഫ്രാൻസ് ബെക്കൻബോവറും യൊഹാൻ ക്രൈഫും പടനായകരായി പൊരുതിയ ഫൈനൽ. വിസിൽ മുഴങ്ങി, ആദ്യത്തെ 57 സെക്കന്‍റിൽ 14 പാസ്സുകൾ. പതിനഞ്ചാമത്തെ നീക്കം ക്രൈഫിന്റേതായിരുന്നു. ഗോൾ മണത്തെങ്കിലും ജർമ്മൻ പ്രതിരോധനിരയിലെ ഹോനസ് ക്രൈഫിനെ വീഴ്ത്തി. ഗോൾ വിരിഞ്ഞു, പക്ഷേ പെനാൽട്ടിയിലൂടെ.

2006ലെ കാമ്പിയാസ്സോ ഗോളിന്റെ ഒന്നാം വയലിൻ അർജന്റീനിയൻ മിഡ്ഫീല്‍ഡര്‍ റിക്വല്‍മിയുടേതായിരുന്നു. അയോള. സാവിയോള, ഏറ്റവുമൊടുവിൽ കാംബിയാസ്സോ.
അതിനിടെ എത്ര എത്ര പാസ്സുകൾ?

അതെ, പാസ് എണ്ണാൻ കാൽക്കുലേറ്റർ തന്നെ വേണം, ഒരു കമന്‍റേറ്റർ,ഗോളിന്റെ ആരവങ്ങൾക്കിടയിൽ അന്തംവിട്ടു.
ഓരോ പൊസിഷനിലും കളിക്കുന്ന ലോകോത്തര താരങ്ങളെ അതതു പൊസിഷനുകളിൽ വിന്യസിച്ചാൽ മികച്ച ടീമുണ്ടാകില്ലെന്നും, അത് കാറ്റത്തെ മണൽക്കൂന പോലെ ചിതറിപ്പോകുമെന്നും പറഞ്ഞത് സാക്ഷാൽ ക്രൈഫ്. മനസ്സറിയുന്ന കളിക്കാർ മാത്രമേ ഒരു ടീമാവുകയുള്ളൂ എന്നാണ് ക്രൈഫ് ഉദ്ദേശിച്ചത്.
കാമ്പിയാസ്സോ ഗോളിൽ നാം കണ്ടത് ഒരു ടീം സൃഷ്ടിച്ച വിസ്മയ ഗോളാണ്.

