കൊച്ചി: വിവാദ ഭൂമി വിൽപ്പനയിൽ സിറോ മലബാർ സഭ മെത്രാൻ സമിതി തെളിവെടുപ്പ് തുടങ്ങി. എറണാകുളം-അങ്കമാലി അതിരൂപതയിലെ സഹായ മെത്രാൻമാരുമായി സമിതി കൂടിക്കാഴ്ച നടത്തി. വൈദിക സമിതി അന്വേഷണ കമ്മീഷൻ അംഗങ്ങളെയും അഞ്ചംഗ മെത്രാൻ സമിതി കാണുന്നുണ്ട്.

സിറോ മലബാർ സഭയെ നാണക്കേടിലാഴ്ത്തിയ വിവാദ ഭൂമി വിൽപ്പനയുടെ വിശദാംശങ്ങളാണ് അഞ്ചംഗ മെത്രാൻ സമിതി തേടുന്നത്. സമിതി കൺവീനർ ആർച്ച് ബിഷപ്പ് മാത്യു മൂലക്കാട്ട് സഭാ ആസ്ഥാനമായ കാക്കനാട് സെന്‍റ് തോമസ് മൗണ്ടിൽ വച്ച് എറണാകുളം – അങ്കമാലി അതിരൂപതയിലെ രണ്ട് സഹായ മെത്രാൻമാരുമായി രാവിലെ കൂടിക്കാഴ്ച നടത്തി. ഭൂമിയിപാടുകൾ സുതാര്യമായിരുന്നില്ലെന്നും കാനോനിക നിയമങ്ങൾ പാലിക്കപ്പെട്ടില്ലെന്നുമാണ് എറണാകുളം–അങ്കമാലി അതിരൂപതയുടെ നിലപാട്. ഭൂമിയിടപാടിൽ ലഭിക്കേണ്ട 18 കോടി 17 ലക്ഷം രൂപ ഇടനിലക്കാരൻ ഇതുവരെ നൽകിയിട്ടില്ല.

 ഇക്കാര്യങ്ങൾ മെത്രാൻ സമിതിയെ ബിഷപ്പുമാർ അറിയിച്ചതായാണ് സൂചന. ഭൂമിയിടപാടിനെ കുറിച്ച് അന്വേഷിച്ച വൈദിക സമിതി അംഗങ്ങളെയും മെത്രാൻ സമിതി കാണുന്നുണ്ട്. ഭൂമിയിടപാടിൽ സഭയ്ക്ക് 40 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്ന് ആറംഗ വൈദിക സമിതി കണ്ടെത്തിയിരുന്നു. വൈകീട്ട് വൈദിക സമിതി പ്രതിനിധികളുമായും മെത്രാൻ സമിതി കൂടിക്കാഴ്ച നടത്തും. എറണാകുളം-അങ്കമാലി അതിരൂപയിലെ 458 വൈദികരെ പ്രതിനിധീകരിച്ച് 57 പേരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. 

ഈ കൂടിക്കാഴ്ചകളിലൂടെ സഭയെ നാണക്കേടിലാഴ്ത്തിയ ഭൂമിപ്രശ്നം സഭയ്ക്കകത്ത് തന്നെ ചർച്ച ചെയ്ത് പരിഹരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കൊച്ചിയിൽ നടക്കുന്ന സിനഡ് തീരുന്നതിന് മുന്പ് ഭൂമിപ്രശ്നം പരിഹരിക്കാനാണ് ശ്രമം. പ്രശ്നത്തിൽ സിനഡിൽ പങ്കെടുക്കുന്ന 59 ബിഷപ്പുമാരിൽ ഭൂരിപക്ഷത്തിന്‍റെയും പിന്തുണ കർദിനാൾ ജോർജ് ആലഞ്ചേരിയ്ക്കുണ്ടെന്നാണ് സൂചന.