ഓരോ വോട്ടും മോദിയ്ക്കാണെന്ന്  ജനങ്ങള്‍ക്കറിയാമെന്ന് മന്ത്രി

അഹമ്മദാബാദ്: ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ എന്നാല്‍ ഓരോ വോട്ടും മോദിയ്ക്കാണെന്ന് ജനങ്ങള്‍ക്കറിയാമെന്ന് ഗുജറാത്ത് മന്ത്രി. ജനങ്ങള്‍ ബിജെപിയെ അധികാരത്തിലെത്തിച്ചത് ഈ തിരിച്ചറിവ് മൂലമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെയും വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തെയും പ്രശംസിച്ചുകൊണ്ട് മന്ത്രി പ്രദീപ് സിംഗ് ജഡേജ പറഞ്ഞു. 

കുറേപേര്‍ രാജ്യത്തിന് അകത്തും പുറത്തും ഗുജറാത്തിനെ ഇകഴ്ത്തുന്നുണ്ട്. ഇതിനെതിരെ വികസന രാഷ്ട്രീയത്തിന്‍റെ സന്ദേശമാണ് വാര്‍ത്താ വിനിമയ മന്ത്രാലയം നല്‍കുന്നത്. രാജ്യത്തെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനം ഗുജറാത്താണ്. ഇത്തരമൊരു പദവി ലഭിക്കാന്‍ വാര്‍ത്താവിനിമയ മന്ത്രായം ഏറെ കഷ്ടപ്പെട്ടിട്ടുണ്ടെന്നും പ്രദീപ് സിംഗ് ജഡേജ പറഞ്ഞു, 

ജനങ്ങളെ വോട്ട് ചെയ്യുന്നതിന് പ്രേരിപ്പിക്കാനും അതിന്‍റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ ബോധവല്‍ക്കരണം നടത്താനും വാര്‍ത്താവിനിമയ മന്ത്രാലയം വലിയ പങ്കുവഹിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും ജനങ്ങള്‍ക്കറിയാം ഇവിഎം എന്നാല്‍ ഓരോ വോട്ടും മോദിയ്ക്കാണെന്നും മന്ത്രി വ്യക്തമാക്കി.