തെരഞ്ഞെടുപ്പിലെ പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയുന്നത് ജനങ്ങളുടെ പിന്തുണ ഉണ്ടാകുമ്പോഴാണ് ചെങ്ങന്നൂരിലെ ജനങ്ങൾ സജി ചെറിയാനിൽ വിശ്വാസമർപ്പിച്ചു കോൺ​ഗ്രസ് കണ്ണ് തുറന്ന് കാണട്ടെ

ചെങ്ങന്നൂരിലെ ഇലക്ഷൻ പ്രചരണ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ശ്രദ്ധ നേടിയിരുന്നു ചെങ്ങന്നൂർ മുൻ എംഎൽഎ ശോഭനാ ജോർജ്ജിന്റെ സാന്നിദ്ധ്യം. അതുപോലെ തന്നെ ഇന്ന് വോട്ടെണ്ണൽ നടക്കുന്ന ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ പ്രവർത്തകർ‌ക്കൊപ്പം രാവിലെ തന്നെ ശോഭനാ ജോർജ്ജും എത്തിയിരുന്നു. സജി ചെറിയാൻ നേടിയ അട്ടിമറി വിജയത്തെക്കുറിച്ച്, വിജയഘടകങ്ങളെക്കുറിച്ച് ശോഭനാ ജോർജ്ജ് ഏഷ്യാനെറ്റ് ന്യൂസ് ഓൺ‌ലൈനിനോട് പ്രതികരിക്കുന്നു:

ചെങ്ങന്നൂരിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഈ നാടിന്റെ വികസനം ഒരു പ്രധാന ഘടകമാണ്. ​ഈ ​ഗവൺമെന്റിന് സ്വാധീനമുള്ള ഒരു ജനപ്രതിനിധിയായിരിക്കും ചെങ്ങന്നൂരിന് ഏറ്റവും യോജിച്ചത് എന്ന് ഈ നാട്ടിലെ ജനങ്ങൾ മനസ്സിലാക്കി, അതനുസരിച്ച് പ്രവർത്തിച്ചു. അതിന്റെ ഫലമാണ് ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇത്തരം വലിയ ഭൂരിപക്ഷത്തിലേക്ക് വരുവാൻ സജി ചെറിയാനെ കഴിയുന്നത്. തെരഞ്ഞെടുപ്പാകുമ്പോൾ കുപ്രചരണങ്ങളും പ്രതിസന്ധികളും ഒക്കെയുണ്ടാകും. എന്നാൽ അതിനെ അതിജീവിക്കാൻ കഴിയുന്നത് ആ നാട്ടിലെ ജനങ്ങളുടെ പിന്തുണ ലഭിക്കുമ്പോഴാണ്. സജി ചെറിയാന് ആ പിന്തുണ ലഭിച്ചു. ജനങ്ങൾ അദ്ദേഹത്തിൽ വിശ്വാസമർപ്പിക്കുകയും ചെയ്തു. ചെങ്ങന്നൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് സജി ചെറിയാൻ മുന്നേറ്റം നടത്തിയിരിക്കുന്നത് എന്നായിരുന്നു ശോഭനാ ജോർജ്ജിന്റെ പ്രതികരണം.

കോൺ​ഗ്രസിന് മേൽക്കൈ ഉണ്ടായിരുന്ന പലയിടങ്ങളിലും സജി ചെറിയാൻ അട്ടിമറി വിജയമാണ് നേടിയിരിക്കുന്നത്. അവർ കണ്ണുതുറന്ന് കാണട്ടെ. ശോഭന ജോർജ്ജിനെപ്പോലെ രക്തവും ജീവനും നൽകിയവരെയൊക്കെ പുറത്തുകളയുകയും അപമാനിക്കുകയും ചെയ്യുന്ന പ്രസ്ഥാനത്തിന് ഇതായിരിക്കും ജനങ്ങൾ കൊടുക്കുന്ന മറുപടി. ഇനിയെങ്കിലും അവർ കണ്ണു തുറക്കട്ടെ, പാർട്ടിക്ക് വേണ്ടി ജീവിക്കുന്നവരെ ബഹുമാനിക്കട്ടെ. അവരെയൊക്കെ ഉൾക്കൊള്ളട്ടെ. ജനങ്ങൾക്ക് വേണ്ടി നിൽക്കട്ടെ. ഈ മുഹൂർത്തം അവരൊക്കയൊന്ന് കാണട്ടെ. അത്രയേ എനിക്ക് പറയാനുള്ളൂ -- ശോഭനാ ജോർജ്ജ് പറഞ്ഞു