തിരുവനന്തപുരം: ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കാനുള്ള ഹൈക്കോടതി വിധി സര്‍ക്കാര്‍ അനുസരിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. കോടതി ഉത്തരവിനെതിരെ തുടര്‍ നിയമനടപടികള്‍ ആലോചനിയിലില്ല. നിയമോപദേശം അനുസരിച്ച് നീങ്ങുമെന്നും മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയും, ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെയുമുള്ള ദേശീയ പാതയ്ക്ക് ദേശീയ പാത നിലവാരം ഇല്ലെന്ന ദേശീയ പാത അതോററ്ററിയുടെ കണ്ടെത്തെലിനെതുടര്‍ന്നാണ് ബാറുകള്‍ തുറക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ദേശീയ പാത അതോററ്റി ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച വിജ്ഞാപനം കോടതി അംഗീകരിക്കുകയായിരുന്നു. 

ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ 173 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിലാണു മദ്യശാലകള്‍ വീണ്ടും തുറക്കുക. ഈ പ്രദേശത്തെ റോഡിനു ദേശീയപാത പദവിയില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണു ബാറുടമകള്‍ ഹൈക്കോടതിയുടെ അനുകൂലവിധി നേടിയത്.