സൗദി: സൗദിയില്‍ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള ശിക്ഷാ നടപടികള്‍ ഉടന്‍ പരിഷ്‌കരിക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. നിലവിലുള്ള എല്ലാ ട്രാഫിക് നിയമലംഘനങ്ങളുടെയും പിഴയുള്‍പ്പടെയുള്ള ശിക്ഷാ നടപടികളാണ് ഒരു മാസത്തിനകം പരിഷ്‌കരിക്കുന്നതെന്ന് ട്രാഫിക് വിഭാഗം മേധാവി മേജര്‍ അബ്ദുല്ലാ അല്‍ബസാമി പറഞ്ഞു. മാത്രമല്ല ഡ്രൈവിംഗ് ലൈസന്‍ അനുവദിക്കുന്നതിനുള്ള നിയമങ്ങളിലും നടപടികളിലും മാറ്റം ഉണ്ടാകും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൂടാതെ രാജ്യത്തെ പല റോഡുകളിലും നിലവിലുള്ള വേഗപരിധി പുനര്‍നിശ്ചയം നടത്തും. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് നിരത്തുകളില്‍ പ്രത്യേക ക്യാമറ സ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നതായി ട്രാഫിക് വിഭാഗം മേധാവി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം നാല് ലക്ഷത്തിനാല്‍പതിനായിരം റോഡപകടങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ദിവസേന 20 പേര്‍ വീതം റോഡപകടങ്ങളില്‍ മരിക്കുന്നതായാണ് കണക്ക്. മരിക്കുന്നവരില്‍ കൂടുതല്‍ പേരും 18 നും 30 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ്. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തു ട്രാഫിക് നിയമങ്ങള്‍ പരിഷ്‌ക്കരിക്കുന്നതെന്നും അബ്ദുല്ലാ അല്‍ബസാമി പറഞ്ഞു.