ദുബായ്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചതിനും സോഷ്യല്‍ മീഡിയയില്‍ മതനിന്ദ നടത്തിയതിനും ദുബായില്‍ മലയാളിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ബിന്‍സി ലാല്‍ എന്ന യുവാവിനെയാണ് പിരിച്ചു വിട്ടത്. ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകയായ റാണാ അയൂബിനോടാണ് ബിന്‍സി ലാല്‍ അപമര്യാദയായി പെരുമാറിയത്.
റാണ അയൂബ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടതിനെ തുടര്‍ന്ന് ചിലര്‍ ബിന്‍സി ലാല്‍ ജോലി ചെയ്യുന്ന കമ്പനിയെ വിവരം അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ബിന്‍സി ലാലിന്റെ ഫെയ്‌സ്ബുക്ക് പേജ് പരിശോധിച്ച കമ്പനി മതനിന്ദ അടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്തുകയും ജോലിയില്‍ നിന്ന് പിരിച്ചു വിടുകയുമായിരുന്നു. ദുബായിലെ ആല്‍ഫാ പെയിന്റ്‌സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ബിന്‍സി ലാല്‍.
ദുബായിലെ നിയമപ്രകാരം ജയില്‍ ശിക്ഷയും 3 മില്യണ്‍ ദിര്‍ഹം പിഴയും ലഭിക്കാവുന്ന കുറ്റമാണ് ബിന്‍സി ലാലിനെതിരെ ചുമത്തിയത്. വിസ റദ്ദാക്കിയ കമ്പനി ഇയാളോട് നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇയാളെ കമ്പനി പുറത്താക്കിയ വിവരം റാണ അയൂബ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.
ഫേസ്ബുക്കിലെ ശല്യക്കാര്‍ക്കെല്ലാമുള്ള മുന്നറിയിപ്പാണ് ഇതെന്ന് റാണ അയൂബ് പറഞ്ഞു. തനിക്ക് നേരിടേണ്ടി വന്ന അധിക്ഷേപത്തില്‍ ഡല്‍ഹി പോലീസില്‍ പരാതി നല്‍കുമെന്നും റാണ വ്യക്തമാക്കി.
