തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര പാരിസ്ഥിതിക ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവച്ച് ഉപയോഗ ശൂന്യമായ മരുന്നുകള്‍ അശാസ്ത്രീയമായി നശിപ്പിക്കുന്നു . പ്രതിവര്‍ഷം 400 കോടിയിലധികം രൂപയുടെ മരുന്നെങ്കിലും കത്തിച്ച് കളയുന്നുണ്ടെന്നാണ് കണക്ക് . രാത്രിയുടെ മറവില്‍ മരുന്നുകള്‍ കത്തിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി . അശാസ്ത്രീയമായ ഈ പ്രവൃത്തി ഗുരുതര ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്നൂവെന്ന് വിദഗ്ധര്‍ പറയുന്നു . ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം

രാസഘടകങ്ങളടങ്ങിയ മരുന്നുകള്‍ ഉപയോഗശൂന്യമായാല്‍ എങ്ങനെ നശിപ്പിക്കാമെന്നതിന് സംസ്ഥാനത്ത് ചില മാര്‍ഗനിര്‍ദേശങ്ങളുണ്ട് . എന്നാല്‍ മരുന്ന് മൊത്ത വ്യാപാര സ്ഥാപനങ്ങളും ചെറുകിട കച്ചവടക്കാരും ഇത് പാലിക്കുന്നുണ്ടോ . ഇതേക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ കാഴ്ചകള്‍ ഞെട്ടിപ്പിക്കുന്നതാണ്.

ഉപയോഗ ശ്യൂന്യമായ മരുന്നുകൾ 1200ഡിഗ്രി സെല്‍ഷ്യസില്‍ ഇന്‍സിനറേറ്റ് ചെയ്ത് നശിപ്പിക്കുന്നതാണ് ശാസ്ത്രീയരീതി. അശാസ്ത്രീയമായി മുന്നുകൾ കത്തിച്ചുകളയുന്പോള്‍ കാര്‍ബണ്‍ മോണോക്സൈഡ് അടക്കമുള്ള വിഷവാതകങ്ങളുണ്ടാകും. ഇത് ദുരുത ശ്വാസകോശ രോഗങ്ങൾക്ക് പുറമെ കാൻസർ പോലുള്ള മാരക രോഗങ്ങൾക്കും കാരണമാകും.

വര്‍ഷം 10000 കോടി രൂപയുടെ മരുന്നാണ് സംസ്ഥാനത്ത് വിറ്റഴിക്കുന്നത്. വിറ്റഴിയാതെ കെട്ടിക്കിടക്കുന്ന 400 കോടി രൂപയുെട മരുന്നെങ്കിലും കത്തിച്ചുകളയുകയാണ്. ചില ബഹുരാഷ്ട്രാ കന്പനികള്‍ ഉപയോഗശൂന്യമാകുന്ന മരുന്നുകള്‍ തിരിച്ചെടുക്കും. അതേസമയം ചില കന്പനികള്‍ തിരിച്ചെടുക്കില്ല . ജനറിക് മരുന്നുക ഒരു കമ്പനിയും തിരിച്ചെടുക്കാറില്ല .

 മരുന്നുകള്‍ നശിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സൗകര്യങ്ങളില്ലാത്തതാണ് കമ്പനികളെ ഈ അശാസ്ത്രീയ വഴി തേടാൻ പ്രേരിപ്പിക്കുന്നത്.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ പാലക്കാടുള്ള ഇമേജില്‍ മാത്രമാണ് ഇപ്പോൾ ശാസ്ത്രീയമായി മരുന്നുകൾ നശിപ്പിക്കാനുള്ള സംവിധാനമുള്ളത്.. എന്നാൽ സംസ്ഥാനത്ത് വിറ്റഴിയാതെ കിടക്കുന്ന മുഴുവൻ മരുന്നും ഇവിടെ നശിപ്പിക്കാനാകില്ല . നാനൂറ് കോടിരൂപയുടെ മരുന്ന് പാഴായ കഴി‌ഞ്ഞ വര്‍ഷം 71,001 കിലോ മരുന്നുകള്‍ മാത്രമാണ് ഇമേജിന് കിട്ടിയത്.