ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ കടത്തിക്കൊണ്ടു വന്ന സ്‌ഫോടക വസ്തുക്കള്‍ ഇടുക്കിയിലെ കുമളിയിലുള്ള അതിര്‍ത്തി ചെക്‌പോസ്റ്റില്‍ പിടികൂടി. നാലു ബാഗുകളില്‍ കൊണ്ടു വന്ന 28,500 ഡിറ്റണേറ്ററുകളാണ് പിടികൂടിയത്. സ്‌ഫോടക വസ്തുക്കളുമായി എത്തിയ മൂന്ന് യുവാക്കള്‍ ബസില്‍ നിന്നും രക്ഷപെട്ടു.

കെ.എസ്.ആർ.ടി.സിയുടെ മധുരയിൽ നിന്നും - തിരുവല്ലയിലേക്കു വന്ന അന്തർ സംസ്ഥാന ബസിൽ നിന്നുമാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. നാല് ബാഗുകളിൽ ഒളിപ്പിച്ചു കൊണ്ടു വന്ന സ്ഫോടക വസ്തുക്കൾ കുമളി അതിർത്തി ചെക്പോസ്റ്റിലെ വാണിജ്യ നികുതി, എക്സൈസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കണ്ടെത്തിയത്.

ബസിനുള്ളിൽ അവസാനത്തെ സീറ്റിനടിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ നാലു ബാഗുകൾ ഇരിക്കുന്നത് കണ്ട് ഉദ്യോഗസ്ഥർ ഉടമസ്ഥരെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. ഇതോടെ ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തി. തുടർന്ന് കസ്റ്റഡിയിലെടുത്ത ബാഗുകൾ പൊലീസിൻറെ സാന്നിധ്യത്തൽ പരിശോധിച്ചപ്പോഴാണ് ഡിറ്റനേറ്ററുകൾ കണ്ടത്. ഇതിൽ മൂവായിരം ഇലക്ട്രിക് ഡിറ്റണേറ്ററുകളും 25,500 സാധാരണ ഡിറ്റണേറ്ററുകളുമാണ്

കമ്പം ടൗണിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള സർക്കാർ ആശുപത്രിക്ക് സമീപത്തു നിന്നുമാണ് മൂന്ന് യുവാക്കള്‍ ബാഗുകളുമായി ബസിൽ കയറിയതെന്ന് ജീവനക്കാർ പറയുന്നു. പീരുമേട്ടിലേക്കാണ് ഇവർ ടിക്കറ്റ് എടുത്തത്. ബാഗിനുള്ളിൽ എന്താണെന്ന് കണ്ടക്ടർ ചോദിച്ചപ്പോൾ കോളേജിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയാണെന്നും ബാഗിൽ പുസ്തകങ്ങളാണെന്നുമായിരുന്നു മറുപടി.

പിടിയിലായ സ്ഫോടക വസ്തുക്കൾ പൊലീസിനു കൈമാറി. ഇടുക്കി എസ്പി. കെ.ബി. വോണുഗോപാലും സ്ഥലത്തെത്തി. അതിർത്തിയിൽ ചെക്കു പോസ്റ്റിനടുത്ത് പൊലീസ് സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ നിന്നും ഇവരുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവരെ ബസ് ജീവനക്കാർ തിരിച്ചറിയുകയും ചെയ്തു. ഇതു കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.