തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഒറ്റനമ്പര്‍ ലോട്ടറി നടത്തിപ്പ് കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന. 47 കേസുകളിലായി 50 പേരെ അറസ്റ്റ് ചെയ്‌തെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ക്രൈം ബ്രാഞ്ചിന്റെ സ്പെഷ്യല്‍ സ്‌ക്വാഡാണ് റെയ്ഡ് നടത്തിയത്. നിരവധി രേഖകളും പണവും പിടിച്ചെടുത്തു.

സംസ്ഥാന ലോട്ടറിക്ക് വെല്ലുവിളിയാണ് ഒറ്റനമ്പര്‍ ലോട്ടറി. നികുതി വെട്ടിപ്പും കളളപ്പണ കൈമാറ്റത്തിനുമുളള എളുപ്പ വഴി. സംസ്ഥാനത്തെ സമ്പദ് ഘടനയ്ക്ക് തന്നെ ഭീഷണി മുഴക്കുന്നവരാണ് ഒറ്റ നമ്പര്‍ ലോട്ടറി ശൃംഖല. നേരത്തെ കടലാസില്‍ നമ്പര്‍ കുറിച്ചിട്ടാണ് ലോട്ടറി ചൂതാട്ടമെങ്കില്‍ ഇപ്പോള്‍ പിടിയിലാവരുടെ രീതി വാട്‌സാപ്പ് ഗ്രൂപ്പിലൂടെ. ദിവസം മൂന്നും നാലും നറുക്കെടുപ്പുകള്‍. സമ്മാനം അടിക്കുന്നത് ആര്‍ക്കെന്ന് നടത്തിപ്പുകാര്‍ക്ക് മാത്രമറിയാം. 

കുഴല്‍പ്പണ മാഫിയ മാതൃകയില്‍ ഒറ്റ നമ്പര്‍ ലോട്ടറി വ്യാപകമെന്ന വിവരത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു മിന്നല്‍ പരിശോധന. മലപ്പുറത്താണ് ഏറ്റവുമധികം കേസുകള്‍ 29എണ്ണം. യുവാക്കളെയും ഇതര സംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് മോഹിപ്പിക്കുന്ന സമ്മാന ഘടനയുമായി ലോട്ടറി ചൂതാട്ടം. ഇനിയും കൂടുതല്‍പേര്‍ കുടുങ്ങാനുണ്ടെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.