കൊച്ചി: എം.എഫ്. ഹുസൈന്റെ സരസ്വതി പെയിന്റിംഗ് ഉള്‍പ്പെടുത്തിയ ഫ്ളക്സിനെ അനുകൂലിച്ചതിന്റെ പേരില്‍ ദീപ നിശാന്തിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ നടത്തുന്ന സൈബര്‍ ആക്രമണം തുടരുന്നു. ദീപാ നിശാന്തിനെ കായികമായി ആക്രമിക്കുകയോ മുഖത്ത് ആസിഡ് ഒഴിക്കുകയോ ചെയ്യണമെന്ന് സംഘപരിവാര്‍ അനുകൂല ഗ്രൂപ്പില്‍ ആഹ്വാനം.
ദീപയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയോ നല്ലൊരു മുറിവ് ഏല്‍പ്പിക്കുകയോ ചെയ്തുകൂടെയെന്ന് അനില്‍ കുമാര്‍ യസീദി എന്നയാള്‍ കേരള ഹിന്ദു രക്ഷാ സേന എന്ന ഗ്രൂപ്പിലെ പോസ്റ്റില്‍ ചോദിക്കുന്നു. ഒരു ആക്രമണം നടത്തുകയോ മുറിവേല്‍പ്പിക്കുകയോ ചെയ്തു എന്ന് വെച്ച് വധശിക്ഷ കിട്ടില്ലെന്നും പോസ്റ്റില്‍ പറയുന്നു.
കൂടിപ്പോയാല്‍ പോലീസ് കേസ് എടുത്ത് അറസ്റ്റ് ചെയ്യും. ഫോട്ടോ മോര്‍ഫ് ചെയ്താലും അത്രയൊക്കെയേ ഉണ്ടാകൂ എന്നും പോസ്റ്റ് പറയുന്നു. ദീപയുടെ കുടുംബാംഗങ്ങളുടെ നേരെയും ആക്രമണം ആവശ്യമാണെന്നാണ് ആഹ്വാനം. കുടുംബത്തില്‍ പഠിക്കുന്ന കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ ശാരീരിമായി അല്ലെങ്കില്‍ മാനസികമായി പീഡിപ്പിക്കണം. മാതാപിതാക്കളെ പെരുവഴിയില്‍ തുണിയഴിച്ച് അപമാനിക്കണമെന്നും പോസ്റ്റ് പറയുന്നു.
ഇന്നാട്ടില്‍ 100 രൂപയ്ക്ക് വേണ്ടി ആരെയും കൊല്ലാന്‍ വരെ തയ്യാറുള്ള ബിഹാറികള്‍ ഉണ്ടെന്ന ഭീഷണിയോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.
ദീപയ്ക്കെതിരെ അതി ക്രൂരമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. കാവിപ്പട എന്ന പേരിലുള്ള ഫേസ്ബുക്ക് പേജില്‍ നഗ്‌ന ചിത്രത്തില്‍ ദീപയുടെ മുഖം മോര്‍ഫ് ചെയ്തുകൊണ്ടുള്ള പ്രചാരണവും നടന്നു. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെനിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ദീപ നിശാന്ത് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കായികമായി ആക്രമിക്കാന്‍ ആഹ്വാനം ചെയ്തുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

