അടിമാലി: വീട്ടമ്മയോടൊപ്പമുള്ള അശ്ലീല രംഗം മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ അടിമാലി പോലീസ് അറസ്റ്റു ചെയ്ത യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻറു ചെയ്തു. രാജാക്കാട് വെള്ളച്ചാലിൽ ലിനു വിനെയാണ് തമിഴ് നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടികൂടിയത്.

 നെടുങ്കണ്ടത്ത് ഹോട്ടൽ പണിക്കാരനാണ് രാജാക്കാട് സ്വദേശി ലിനു. അടിമാലിയിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഒരു കുട്ടിയുടെ മാതാവ് കൂടിയായ സ്ത്രീയെ ഫെസ് ബുക്കിലൂടെ ഇയാൾ പരിചയപ്പെട്ടു. ഭർത്താവുമായി പിണങ്ങി നിൽക്കുന്നതിനിടെയാണ് ആറു മാസം മുന്പ് ലിനുവുമായി ഇവർ അടുക്കുന്നത്. തുടർന്ന് അടിമാലിയിലെ വാടക വീട്ടിലെത്തി സ്ഥിരമായി ശാരീരികമായി ബന്ധപ്പെടാറുണ്ടായിരുന്നു. 

ഇത് യുവതിയുടെ അറിവോടെ പലതവണ മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു. ഏതാനും ദിവസം മുന്പ് ആരുമില്ലാത്ത സമയത്ത് രാജാക്കാട്ടിലെ വീട്ടിൽ ഇരുവരും ഒത്തുചേർന്ന സമയത്തും അശ്ലീല ദൃശ്യങ്ങൾ പകർത്തി. ഇതിനിടെ പല സ്ഥലങ്ങളിലേക്കും യാത്രയും ചെയ്തു. കഴിഞ്ഞ ചതയദിനത്തിൽ വാടക വീട്ടിലെത്തിയപ്പോൾ പകർത്തിയ ദൃശ്യങ്ങളാണ് ഫേസ് ബുക്കിൽ ലൈവായി അപ് ലോഡ് ചെയ്തത്. തൊട്ടടുത്ത ദിവസം തന്നെ വാട്ട്സാപ്പ് ഗ്രൂപ്പുകളിലും ഇത് വൈറലായി. 

തുടർന്ന് ഇരയായ യുവതി അടിമാലി സ്റ്റേഷനിൽ പരാതി നൽകി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. ഒപ്പം ഇവരുടെ ഇരട്ട സഹോദരിയും പൊലീസിനെ സമീപിച്ചു. പരാതി നൽകിയതറിഞ്ഞ ലിനു തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ചു. ഇതു മനസ്സിലാക്കിയ പൊലീസ് തന്ത്രപരമായി ഇയാളെ പൂപ്പാറയിൽ വച്ച് കസ്റ്റഡിയിലെടുത്തു. ദൃശ്യങ്ങൾ നീക്കം ചെയ്യാൻ സൈബർസെല്ലിന്‍റെ സഹായത്തോടെ പൊലീസ് ഫേസ്ബുക്ക് അധികൃതർക്ക് കത്തു നൽകിയിട്ടുണ്ട്.

മൊബൈലിൽ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തിൽ ലൈവായി അപ് ലോഡ് ആയതാണെന്നാണ് ലിനു പൊലീസിനോട് പറഞ്ഞിരിക്കുന്നത്. സംഭവം സംബന്ധിച്ച് വിശദമായി അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.