ലാത്തൂരിലെ സറൂം ഗ്രാമത്തില്‍ നൂറ്റി ഇരുപതോളം കുടുബാഗങ്ങളുണ്ടായിരുന്നത്. ജീവിക്കാനാകാതെ ഒരോരുത്തരായി നാടുവിട്ടപ്പോള്‍ ബാക്കിയായത് ചില പ്രായമായവര്‍ മാത്രം. കൃഷിചെയ്യുന്നോരു കൈവേലക്കാരും ചെരുപ്പുകുത്തിയും എല്ലാം അടുത്തടുത്തദിവസങ്ങളില്‍ മുംബൈയിലേക്ക് തീവണ്ടി കയറി. 

സറും ഗ്രാമത്തില്‍ കരിമ്പായിരുന്നു കൃഷി. വെള്ളം കുറഞ്ഞതോടെ സോയാബീന്‍ ചെടികള്‍ നട്ടുനോക്കി. വെള്ളം കുടിക്കാന്‍ പോലും കിട്ടാത്തായപ്പോള്‍ വീടും പൂട്ടി മിക്കവരും ഇറങ്ങി. നഗരത്തില്‍ പണികിട്ടുമെന്ന് പ്രതീക്ഷിച്ചാണ് എല്ലാവരും മുംബൈയിലേക്കും പൂനയിലേക്കും പോയത്

ചിലര്‍ നദിക്കരയില്‍ കുടിലുകെട്ടി കൂടുന്നുണ്ട്. ലാത്തൂരിനിന്നുമാത്രം മാത്രം നൂറുകണക്കിന് പേരാണ് ഓരോ ദിവസവും മുംബൈയിലേക്കുള്ള തീവണ്ടിയില്‍ കയറിക്കൂടുന്നത്. മുംബൈയിലെ ഘാഡ്കൂപ്പറിലും താനെയിലുമാണ് അഭയാര്‍ത്ഥി ക്യാമ്പുകള്‍. എന്തെങ്കിലും ജോലി തരപ്പെടുമെന്ന പ്രതീക്ഷയിലാണ് നഗരത്തിരക്കിലേക്ക് ഇവര്‍ സ്വയം വലിച്ചെറിയുന്നത്.

 കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ രാഷ്ട്രപതി ഇടപെടുമെന്ന് ഉറപ്പ് തന്നതായി ലാത്തൂര്‍ മേയര്‍ അക്തര്‍ മിസ്രി ഏഷ്യാനെറ്റ് ന്യൂസിനോട് . വെള്ളവുമായി കൂടുതല്‍ ട്രെയിനുകള്‍ എത്തിക്കാമെന്ന് റെയില്‍വെയും അറിയിച്ചിട്ടുണ്ട്. റയില്‍വെ മന്ത്രി സുരേഷ് പ്രഭു അടുത്തയാഴ്ച ലാത്തൂരിലെത്തുമെന്നും മേയര്‍ പറഞ്ഞു.

അടുത്ത ആഴ്ച റെയില്‍വെ മന്ത്രി എത്തുന്നുണ്ട്. കൂടുതല്‍ തീവണ്ടികളില്‍ വെള്ളമെത്തിക്കാമെന്ന് റെയില്‍വെ അറിയിച്ചു. കുടിവെള്ള പ്രശ്‌നം രാഷ്ട്രപതിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഉജ്‌നി ഡാമില്‍ നിന്നൊരു പൈപ്പ് ലൈന്‍ പദ്ധതി ഉണ്ടായാല്‍ കുടിവെള്ള പ്രശ്‌നം തീരും. ഈ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

അതിനിടയില്‍ വരള്‍ച്ച തടയാന്‍ ജലസംരക്ഷണപദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. ഇത്തവണ നല്ല മഴ കിട്ടുമെന്ന വാര്‍ത്ത പ്രതീക്ഷ നല്‍കുന്നു. ഇത് കൃഷിയെ പുരോഗതിയിലേയ്ക്ക് നയിക്കാന്‍ സഹായിയ്ക്കുമെന്നും മോദി മന്‍ കി ബാത്തില്‍ പറഞ്ഞു.