റിയാദ്: ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍ക്ക് മുന്‍ വര്‍ഷങ്ങളേക്കാള്‍ മെച്ചപ്പെട്ട സേവനമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നതെന്നു ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. താമസിക്കാനായി ഗുണനിലവാരമുള്ള കെട്ടിടങ്ങളും, യാത്രയ്ക്കായി പുതിയ മോഡല്‍ ബസുകളും ഇത്തവണ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു.

ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് മക്കയിലും മദീനയിലും ലഭിക്കുന്ന സേവനങ്ങളില്‍ ഓരോ വര്‍ഷവും വലിയ തോതിലുള്ള പുരോഗതി യുണ്ട്. സൗദി ഹജ്ജ് മന്ത്രാലയം, ഹജ്ജ് സര്‍വീസ് ഏജന്‍സികള്‍, കെട്ടിടമുടമകള്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനികള്‍ തുടങ്ങിയവയുമായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ നടത്തുന്ന നിരന്തരമായ ചര്‍ച്ചകളിലൂടെയാണ് ഈ സൗകര്യം ലഭിക്കുന്നത്. 

മദീനയില്‍ ഹറം പള്ളിക്കടുത്ത് മര്‍ക്കസിയ ഏരിയയില്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി എത്തിയ നൂറു ശതമാനം തീര്‍ഥാടകര്‍ക്കും ഇത്തവണ താമസിക്കാം. കഴിഞ്ഞ തവണ ഇത് എഴുപത് ശതമാനമായിരുന്നു. മക്കയില്‍ ഗ്രീന്‍ കാറ്റഗറിയിലെ തീര്‍ഥാടകര്‍ ഹറം പള്ളിയില്‍ നിന്നും ഒരു കിലോമീറ്ററിനകത്താണ് ഇത്തവണ താമസിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് ഒന്നര കിലോമീറ്റര്‍ ആയിരുന്നു. മക്കയ്ക്കും മദീനയ്ക്കുമിടയില്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ യാത്ര ചെയ്യുന്ന ബസുകളുടെ ഗുണനിലവാരമാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. 

എല്ലാ സൌകര്യങ്ങളുമുള്ള പുതിയ മോഡല്‍ ബസുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അസീസിയയില്‍ നിന്നും ഹറം പള്ളിയിലേക്ക് സര്‍വീസ് നടത്തുന്നതും പുതിയ മോഡല്‍ ബസുകളാണ്. ഗ്രീന്‍ കാറ്റഗറിയില്‍ കെട്ടിടങ്ങളുടെ ലഭ്യതക്കുറവ് കാരണം ഇത്തവണ ഒരു ലക്ഷത്തി പതിനൊന്നായിരത്തോളം തീര്‍ഥാടകര്‍ അസീസിയ കാറ്റഗറിയിലാണ് താമസിക്കുന്നത്