ആലപ്പുഴ: ആലപ്പുഴയില്‍ സി.പി.എമ്മില്‍ വിഭാഗീയത വീണ്ടും തലപൊക്കുന്നു. ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കിടയില്‍ അണികള്‍ക്കിടയിലെ വൈരം മറനീക്കി പുറത്തുവരുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം അരൂരില്‍ ലോക്കല്‍ കമ്മറ്റി കടപ്പള്ളി ബ്രാഞ്ച് സെക്രട്ടറിയെ സസ്‌പെന്‍ഡു ചെയ്ത നടപടി വിവാദമായിരുന്നു. ലോക്കല്‍ സെക്രട്ടറിയോട് ഫോണില്‍ വാഗ്വാദം നടത്തിയതിന്റെ പേരിലായിരുന്നു സസ്‌പെന്‍ഷന്‍.
നടപടി സംഘടനാ വിരുദ്ധമാണെന്നും ലോക്കല്‍ കമ്മറ്റി ചൊല്‍പ്പടിക്കു നിര്‍ത്താനുള്ള കുതന്ത്രമാണിതിനു പിന്നിലെന്നും ഒരു വിഭാഗം ആരോപിക്കുന്നു. ഇതു സംബന്ധിച്ച് നേതൃത്വത്തിന് പരാതി നല്‍കി. ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പൈലിയെ ആറു മാസത്തേക്കാണ് പാര്‍ട്ടി അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തുട്ടുള്ളത്. പൈലിക്കെതിരായ ഈ നടപടി ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. സമ്മേളനം പ്രഖ്യാപിച്ചാല്‍ അച്ചടക്ക നടപടിയെടുക്കുന്ന കീഴ് വഴക്കം സി.പി.എമ്മില്‍ ഇല്ലാത്തതാണ്.
എന്നാല്‍ ഇത് മറികടന്നെടുത്ത തീരുമാനം ജില്ലാ കമ്മറ്റിയുടേയും ഏരിയ കമ്മറ്റിയുടേയും അംഗീകാരത്തോടെ നടപ്പാക്കുകയായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് നടന്ന സമ്മേളനത്തില്‍ നേതൃത്വത്തെ എതിര്‍ക്കുന്ന വിഭാഗത്തിനായിരുന്നു അരൂരില്‍ മേല്‍ക്കൈ.ഏതാനും മാസം മുമ്പ് ലോക്കല്‍ കമ്മറ്റിയില്‍ നേതൃത്വം ഇടപെട്ട് നടത്തിയ നടപടിയില്‍ എതിര്‍ ചേരിക്കുള്ള മേല്‍ക്കൈ നഷ്ടമായിരുന്നു.അരൂര്‍ ഏരിയാ കമ്മറ്റിക്ക് കീഴിലാണ് അരൂര്‍ലോക്കല്‍ കമ്മറ്റി.അരൂരിലും ഏരിയാ നേതൃത്വത്തോടടുത്ത വിഭാഗം ഇടപെടല്‍ശക്തമാക്കിയതിന്റെ സൂചനകളാണ് സസ്‌പെന്‍ഷന്‍ നടപടിയിലൂടെ വ്യക്തമാകുന്നത്.
കുട്ടനാട്ടിലെ കാവാലത്തും പാര്‍ട്ടിയിലെ വിഭാഗീയത അവസാനിച്ചില്ലെന്നാണ് സൂചന. കാവാലം പഞ്ചായത്തിനു പുറത്തുനിന്നുള്ള മുതിര്‍ന്ന ഏരിയാ കമ്മറ്റി അംഗം തന്നെ വീണ്ടും സെക്രട്ടറിയായത് ഇതിന്റെ സൂചനയാണെന്നാണ് നിരീക്ഷണം. സി.പി.എമ്മിന്റെ കുട്ടനാട്ടിലെ മുതിര്‍ന്ന നേതാവായ കമലാസനനെയാണ് കാവാലം ലോക്കല്‍ സമ്മേള്ളനത്തില്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.ചര്‍ച്ചയില്‍ ചേരിതിരിവ് പ്രകടമായെങ്കിലും തെരഞ്ഞെടുപ്പ് ഏകപക്ഷീയമായിരുന്നു.
ലോക്കല്‍ കമ്മറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പു നടന്നപ്പോള്‍ ഏരിയാ നേതൃത്വത്തോടുചേര്‍ന്ന വിഭാഗത്തിനു മുന്‍തൂക്കമുള്ള 15 അംഗ പാനലാണ് സെക്രട്ടറി അവതരിപ്പിച്ചത്. ഇതിനെതിരെ മത്സരിക്കാന്‍ എതിര്‍ വിഭാഗം തയ്യാറായതുമില്ല. വി.എസ്. വിഭാഗത്തിന് ശക്തിയുള്ള പ്രദേശമാണ് കാവാലം. ഇവിടെ സെക്രട്ടറി ആയിരുന്ന ആളെ ആരോ പണങ്ങളുടെ അടിസ്ഥാനത്തില്‍ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒഴിവാക്കിയിരുന്നു.
തുടര്‍ന്നാണ് ഏരിയാ നേതൃത്വവുമായി അടുപ്പം പുലര്‍ത്തുന്ന പി.കെ. കമലാസനന് സെക്രട്ടറിയുടെ ചുമതല നല്‍കിയത്.ലോക്കല്‍ സമ്മേള്ളനത്തില്‍ വിവാദ വിഷയങ്ങളും ആരോപണങ്ങളും ഉയര്‍ന്ന് വന്നിരുന്നു. സാഹചര്യത്തില്‍ മാറ്റമൊന്നുമില്ലെന്ന ഏരിയാ കമ്മറ്റിയുടെ നിരീക്ഷണമാണു പി.കെ.കമലാസനനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് പിന്നില്‍. വയലാറില്‍ പഞ്ചായത്തിലെ വിരമിച്ച ജീവനക്കാരിയുടെ പേരിലുയര്‍ന്ന ക്രമക്കേട് ആരോപണത്തില്‍ സി.പി.എമ്മില്‍ പൊട്ടിത്തെറിയുണ്ടായി.
ഭരണ സമിതിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ പാര്‍ട്ടി അരൂര്‍ ഏരിയാ നേതൃത്വം വിഷയത്തിലിടപെട്ട് അന്വേഷിക്കാന്‍ മൂന്നംഗ കമ്മീഷനെ നിയോഗിച്ചു. ഇതോടെ സി.പി.എമ്മിനുള്ളിലെ വിഭാഗീയത പൊട്ടിത്തെറിയിലെത്തി. സി.പിഎമ്മിലെ ഗ്രൂപ്പു സമവാക്യങ്ങളില്‍ വയലാറിലെ രണ്ടു ലോക്കല്‍ കമ്മിറ്റികളും ഏരിയാ നേതൃത്വത്തെ അനുകൂലിക്കുന്ന വിഭാഗത്തിനൊപ്പമല്ലെന്നാണ് സൂചന.
ക്രമക്കേട് ലോക്കല്‍ കമ്മിറ്റികള്‍ക്കെതിരെ ആയുധമാക്കാനാണ് നീക്കമെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ജീവനക്കാരിയുടെ പേരിലുയര്‍ന്ന 30,000 രൂപയുടെ ക്രമക്കേടിന്റെ പേരില്‍ പാര്‍ട്ടിയുടെ അംഗങ്ങളെ തന്നെ കുടുക്കാനുള്ള നീക്കമാണെന്നാണ് ആക്ഷേപം. ഇക്കാര്യത്തില്‍ പഞ്ചായത്തു കമ്മിറ്റി വിജിലന്‍സ് അന്വേഷണത്തിനു ശുപാര്‍ശ ചെയ്തിട്ടും സംശയത്തിന്റെ നിഴല്‍ നിലനിറുത്താന്‍ പാര്‍ട്ടി തന്നെ ശ്രമിക്കുകയാണെന്നാണ് ഇവരുടെ ആക്ഷേപം. എല്‍.ഡി.എഫ് തീരുമാന പ്രകാരം സി.പി.ഐ പ്രതിനിധി പ്രസിഡന്റ് സ്ഥാനം ഈ മാസം സി.പി.എമ്മിന് കൈമാറാനിരിക്കെയാണ് വിവാദങ്ങള്‍ ഉയര്‍ന്നത്.
