സിനിമ ചിത്രീകരണത്തിനായി ഉപയോഗിക്കുന്ന നോട്ടുപയോഗിച്ച് തട്ടിപ്പ്
കോഴിക്കോട്: സിനിമ ചിത്രീകരണത്തിനായി ഉപയോഗിക്കുന്ന വ്യാജ കറന്‍സി നോട്ടു ഉപയോഗിച്ച് ലോട്ടറി ജീവനക്കാരിയെ കബളിപ്പിച്ച് പണം തട്ടി. നാദാപുരം ടൗണില്‍ ബുധനാഴ്ച്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. യഥാര്‍ഥ രണ്ടായിരം രൂപയെ വെല്ലുന്ന നോട്ടുമായെത്തിയ മധ്യവയസ്ക്കനാണ് തട്ടിപ്പ് നടത്തിയത്. നാദാപുരം ബസ്‌സ്റ്റാൻഡിലെ താനിക്കുഴിയില്‍ ഗൗരിയുടെ ഉടമസ്ഥതയിലുള്ള കല്ലേരി ലോട്ടറി സ്റ്റാളിലാണ് തട്ടിപ്പ് നടത്തിയത്.
കടയില്‍ തിരക്കൊഴിഞ്ഞ സമയത്തെത്തിയ മധ്യവയസ്ക്കന്‍ കേരള ഭാഗ്യക്കുറിയുടെ രണ്ടു ടിക്കറ്റുകള്‍ ജീവനക്കാരിക്ക് നല്‍കിയ ശേഷം സമ്മാനമുണ്ടോ എന്ന് പരിശോധിക്കാനാവശ്യപ്പെടുകയായിരുന്നു. സമ്മാനമില്ലെന്ന് പറഞ്ഞതോടെ രണ്ടായിരം രൂപയുടെ വ്യാജ നോട്ട് നല്‍കി രണ്ട് ടിക്കറ്റുകള്‍ വാങ്ങുകയും ബാക്കി തുകയും വാങ്ങി സ്ഥലം വിടുകയായിരുന്നു. തട്ടിപ്പ് മനസ്സിലായ ജീവനക്കാരി ബസ്‌സ്റ്റാൻറ് പരിസരങ്ങളിലും മറ്റും ഇയാളെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

ഗാന്ധിജിയുടെ ചിത്രമുള്ള നോട്ടില്‍ വ്യക്തമായി കറുത്ത മഷിയില്‍ ഫോര്‍ ഷൂട്ടിങ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും യഥാര്‍ഥ രണ്ടായിരം രൂപയെ കവച്ച് വെക്കുന്ന രീതിയിലാണ് നിര്‍മാണം. യുവതിയുടെ പരാതിയില്‍ കടയിലെത്തിയ പോലീസ് ടൗണിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും തട്ടിപ്പ് നടത്തിയ ആളെ കണ്ടെത്താനായില്ല. നേരത്തെ നാദാപുരം ടൗണ്‍ കേന്ദ്രീകരിച്ച് സമ്മാനാര്‍ഹമായ ടിക്കറ്റിലെ നമ്പര്‍ ചുരണ്ടി മാറ്റി പണം തട്ടിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
