തൃശ്ശൂര്‍: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ കള്ളപ്പണത്തിനെതിരെ നടത്തിയ പ്രചരണയാത്രയെ മുന്നില്‍ നിന്ന് സ്വീകരിച്ചത് കള്ളനോട്ടടിച്ചതിന് പിടിയിലായ യുവമോര്‍ച്ച നേതാവ്. ജനുവരി 11ന് മതിലകം സെന്‍ററില്‍ ജാഥയ്ക്ക് നല്‍കിയ സ്വീകരണത്തിലാണ് യുവമോര്‍ച്ച നേതാവ് രാകേഷ് ഏഴാച്ചേരി മുന്‍പന്തിയിലുണ്ടായിരുന്നത്.
കള്ളപ്പണമുന്നണികള്‍ക്കെതിരെ നടത്തിയ പ്രചരണയാത്രക്ക് സ്വീകരണം നല്‍കുന്നതായി കാണിച്ചുകൊണ്ട് ഒബിസി മോര്‍ച്ച കൈപ്പമംഗലം മണ്ഡലം കമ്മിറ്റി പുറത്തിറക്കിയ ഫ്‌ളക്‌സിലും നേതാക്കളോടൊപ്പം രാകേഷിന്റെ ചിത്രമുണ്ട്.
യുമോര്‍ച്ച നേതാവ് രാകേഷ് ഏഴാച്ചേരിയുടെ കൊടുങ്ങല്ലൂര്‍ മതിലകത്തെ വീട്ടില്‍ നിന്നാണ് കള്ളനോട്ടടിക്കുന്ന യന്ത്രങ്ങളും ഒന്നരലക്ഷം രൂപയുടെ കള്ളനോട്ടുകളും വ്യാഴാഴ്ചയാണ് പോലീസ് പിടികൂടിയത്. ഇയാള്‍ പലിശക്ക് കടം കൊടുക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയതായിരുന്നു മതിലകം എസ് ഐയും സംഘവും.
തുടര്‍ന്നു നടത്തിയ റെയ്ഡില്‍ വീട്ടില്‍ കള്ളനോട്ടടിക്കുന്നിതനുള്ള വിപുലമായ സൗകര്യങ്ങള്‍ കണ്ടെത്തി. ഇവിടെ നിന്നും ഒന്നരലക്ഷത്തിലധികം രൂപയുടെ വ്യാജകറന്‍സികളും പിടിച്ചെടുത്തു. 2000ന്‍റെ അമ്പത് നോട്ടുകളും 500ന്‍റെ പത്ത് നോട്ടുകളുമാണ് പിടിച്ചെടുത്തത്. ദീര്‍ഘകാലമായി ഇവിടെ കള്ളനോട്ടടിക്കുന്നതായാണ് വിവരം. ഇയാള്‍ക്കു പിന്നില്‍ വന്‍സംഘം പ്രവര്‍ത്തിക്കുന്നതായും സൂചനകളുണ്ട്.
