കണ്ണൂര്‍: ഫുഡ് സേഫ്റ്റി ഇന്‍സ്‌പെക്ടറെന്ന വ്യാജേന വടക്കന്‍ ജില്ലകളിലെ വിവിധ കടകളില്‍ നിന്ന് പണം തട്ടുന്നയാള്‍ പൊലീസ് പിടിയിലായി. എറണാകുളം കളമശ്ശേരി സ്വദേശി പ്രസാദാണ് പയ്യന്നൂര്‍ പൊലീസിന്റെ പിടിയിലായത്. രാവിലെ വെള്ളൂരിലെ ചപ്പാത്തി നിര്‍മ്മാണശാലയില്‍ ചെന്ന് കടയുടെ ലൈസന്‍സും ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും ആവശ്യപ്പെട്ടു. 

സംശയം തോന്നിയ കടയുടമ നാട്ടുകാരെ വിവരമറിയിക്കുകയും നാട്ടുകാര്‍ ഐഡി കാര്‍ഡ് ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ സ്ഥാപനയുടമയേയും തൊഴിലാളികളെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പയ്യന്നൂര്‍ എസ്.ഐയും സംഘവും സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. 

കോഴിക്കോട് കുറ്റിപ്പുറത്തെ ലഡു നിര്‍മ്മാണശാലയില്‍ സമാന രീതിയില്‍ തട്ടിപ്പ് നടത്തുമ്പോള്‍ ഇയാള്‍ പോലീസ് പിടിയിലായിട്ടുണ്ട്. 72 ദിവസം ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിട്ട് മൂന്ന് മാസം കഴിഞ്ഞതെയുള്ളുവെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി. ഒട്ടനവധി സ്ഥലങ്ങളില്‍ ഇത്തരത്തില്‍ ഫുഡ് ഇന്‍സ്‌പെകറെന്ന വ്യാജേനയെത്തി ഇയാള്‍ പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ ആള്‍മാറാട്ടത്തിന് കേസ്സെടുത്തതായി പയ്യന്നൂര്‍ പൊലീസ് അറിയിച്ചു.