സ്ത്രീ പ്രവേശന വിഷയത്തില്‍ ആദ്യം മുതല്‍  അനുകൂല നിലപാട് സ്വീകരിച്ച സ്വാമി സന്ദീപാനന്ദഗിരിക്കെതിരെയാണ് ഇപ്പോള്‍ നുണ പ്രചാരണങ്ങള്‍ ചിലര്‍ പടച്ചു വിടുന്നത്

തിരുവനന്തപുരം: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്നുള്ള സപ്രീം കോടതി വിധി വന്നതിന് ശേഷം ആദ്യമായി ശബരിമല നട തുറന്നപ്പോള്‍ നാടകീയ സംഭവങ്ങളാണ് പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തുമെല്ലാം അരങ്ങേറിയത്. തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും അനിഷ്ട സംഭവങ്ങള്‍ പിന്നെയും നടന്നു.

കൂടാതെ, സാമൂഹ്യ മാധ്യമങ്ങളില്‍ ഒരുപാട് വ്യാജ പ്രചാരണങ്ങളും ചില കേന്ദ്രങ്ങള്‍ അഴിച്ചു വിട്ടുക്കൊണ്ടിരുന്നു. സ്ത്രീ പ്രവേശന വിഷയത്തില്‍ ആദ്യം മുതല്‍ അനുകൂല നിലപാട് സ്വീകരിച്ച സ്വാമി സന്ദീപാനന്ദഗിരിക്കെതിരെയാണ് ഇപ്പോള്‍ നുണ പ്രചാരണങ്ങള്‍ ചിലര്‍ പടച്ചു വിടുന്നത്.

അദ്ദേഹത്തെ ചിന്മയ മിഷന്‍ പുറത്താക്കിയതാണെന്ന തരത്തിലാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒരു വിഭാഗം പ്രചാരണം നടത്തുന്നത്. ഇതിനിടെ സംഭവത്തിലെ സത്യാവസ്ഥ പുറത്ത് വന്നു. ചിന്മയ മിഷനില്‍ നിന്ന് സ്വാമി സ്വന്തം ഇഷ്ടപ്രകാരം 
 പുറത്തു പോയതാണെന്നും പ്രാഗത്ഭ്യവും പ്രതിഭയുമുള്ള വ്യക്തിയുമാണെന്നും ചിന്മയ മിഷന്‍ വ്യക്തമാക്കിയ പത്ര പരസ്യം വീണ്ടും വെളിച്ചത്ത് വന്നതോടെ ആ പ്രചാരണവും പൊളിഞ്ഞത്.

ചിന്മയാ മിഷന് വേണ്ടി സ്വാമി തേജോമയാനന്ദ 2006 ജൂലൈ ആറിനാണ് പത്ര കുറിപ്പ് ഇറക്കിയത്. ബ്രഹ്മചാരി സന്ദീപ് ചൈതന്യ അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരം ചിന്മയമിഷന്‍ വിടാന്‍ തീരുമാനിച്ച വിവരം ഏവരെയും അറിയിക്കുന്നു. മിഷന് ഏറെ സംഭാവന നല്‍കിയിട്ടുള്ള സന്ദീപ് ചൈതന്യ പ്രാഗത്ഭ്യവും പ്രതിഭയും ഉള്ള വ്യക്തിയാണ്.

അദ്ദേഹത്തിന്‍റെ ഭാവിയിലെ എല്ലാ ഉദ്യമങ്ങള്‍ക്കും ശുഭാശംസകള്‍ നേരുന്നതായും ആ പരസ്യത്തില്‍ വ്യക്തമാക്കുന്നു. നേരത്തെ സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺ കടവിലെ ആശ്രമത്തിന് നേരെ ആക്രമണവും നടന്നിരുന്നു.

അക്രമി സംഘം രണ്ട് കാറുകൾ തീയിട്ടു നശിപ്പിച്ചു. ആശ്രമത്തിലെ ഒരു ബൈക്കും കത്തിനശിച്ചു. തീ പടര്‍ന്ന് ആശ്രമത്തിലെ കോണ്‍ക്രീറ്റടക്കം ഇളകി നാശനഷ്ടമുണ്ടായിട്ടുണ്ട്. ആശ്രമത്തിന് മുന്നിൽ റീത്ത് വച്ചാണ് ആക്രമികള്‍ മടങ്ങിയത്.