വിശ്വാസ്യത തോന്നിപ്പിക്കുന്നതിനായി യുഎഇയുടെ ഔദ്ദ്യോഗിക ചിഹ്നത്തിനൊപ്പം മിനിസ്ട്രി ഓഫ് യുഎഇ എന്നും നല്‍കിയിട്ടുണ്ട്.

വ്യാജ സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്ന സംഘങ്ങള്‍ യുഎഇയില്‍ വീണ്ടും സജീവമാകുന്നു. പ്രമുഖ സ്ഥാപനങ്ങളുടെയും ബ്രാന്‍ഡുകളുടെയും പേരില്‍ സന്ദേശങ്ങള്‍ അയച്ച ശേഷം ഇതിനോട് പ്രതികരിക്കുന്നവരെ വലയിലാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. 

ഇത്തവണ ലുലു ഗ്രൂപ്പിന്റെ പേരില്‍ തയ്യാറാക്കിയ വ്യാജ ഇ-മെയില്‍, വാട്സ്ആപ് സന്ദേശങ്ങളാണ് പ്രവാസികള്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കുന്നത്. അല്‍പ്പം ശ്രദ്ധിച്ചുനോക്കിയാല്‍ തന്നെ ഇത്തരം സന്ദേശങ്ങള്‍ വ്യാജമാണെന്ന് മനസിലാവുമെങ്കിലും കെണിയില്‍ പെട്ടുപോകുന്നവര്‍ കുറവല്ല. ലക്കി ഡ്രോ പ്രൊമോ 2018 എന്ന പേരില്‍ വരുന്ന സന്ദേശം 200,000 ദിര്‍ഹം സമ്മാനം കിട്ടിയെന്ന് അറിയിച്ചുകൊണ്ടാണ് എത്തുന്നത്. സമ്മാനം ലഭിക്കാനായി രണ്ട് മൊബൈല്‍ നമ്പറുകളില്‍ വിളിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

വിശ്വാസ്യത തോന്നിപ്പിക്കുന്നതിനായി യുഎഇയുടെ ഔദ്ദ്യോഗിക ചിഹ്നത്തിനൊപ്പം മിനിസ്ട്രി ഓഫ് യുഎഇ എന്നും നല്‍കിയിട്ടുണ്ട്. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജ്മെന്റ് മാനേജര്‍ എന്നെഴുതിയ സീലും ഒരാളുടെ ഒപ്പും കാണാം. സംശയങ്ങള്‍ തീര്‍ക്കാനും സമ്മാനം എങ്ങനെ ലഭിക്കുമെന്ന് അറിയാനും മുഹമ്മദ് അബ്ദുല്ല എന്നയാളെ വിളിക്കാനാണ് ആവശ്യപ്പെടുന്നത്. നേരത്തെും ലുലുവിന്റെ പതിനെട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 500 ദിര്‍ഹത്തിന്റെ വൗച്ചറുകള്‍ സമ്മാനമായി ലഭിച്ചെന്ന് കാണിച്ചുള്ള സന്ദേശങ്ങള്‍ അയച്ച് തട്ടിപ്പിനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇത്തരം സന്ദേശങ്ങള്‍ വ്യാജമാണെന്ന് ഉപഭോക്താക്കള്‍ക്ക് ലുലു ഗ്രൂപ്പ് അന്നുതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഉപഭോക്താക്കളുടെ ബാങ്കിങ്, കാര്‍ഡ് വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നും ഇവ ചോദിച്ച് ലുലു ഗ്രൂപ്പില്‍ നിന്ന് ആരും വിളിക്കില്ലെന്നും ആരെയും ഇതിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും അന്ന് കമ്പനി വിശദീകരണം നല്‍കിയിരുന്നു. ഇത്തരം തട്ടിപ്പുകള്‍ക്കുള്ള ശ്രമങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അധികൃതരെ വിവരം അറിയിക്കണം.