അറുപത് ശതമാനം കോഴികളിലും നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്നും അതിനാൽ കോഴിയിറച്ചി കഴിക്കരുതെന്നുമാണ് വ്യാജ ഉത്തരവിൽ പറയുന്നത്.
കോഴിക്കോട്: നിപ വൈറസിനെതിരെ ജാഗ്രത പുലർത്തണം എന്നാവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറുടെ പേരിൽ വ്യാജ ഉത്തരവ് പ്രചരിക്കുന്നു. നിപ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനാൽ കോഴിയിറച്ചി കഴിക്കരുത് എന്നാണ് ഉത്തരവ്. സൈബർ സെല്ലിന്‍റയും പൊലീസ് ഡിപ്പാർട്ട്മെന്‍റിന്‍റെയും സഹായത്തോടെ വ്യാജ ഉത്തരവ് പ്രചരിപ്പിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ പറഞ്ഞു
അറുപത് ശതമാനം കോഴികളിലും നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്നും അതിനാൽ കോഴിയിറച്ചി കഴിക്കരുതെന്നുമാണ് വ്യാജ ഉത്തരവിൽ പറയുന്നത്. ഈ ഉത്തരവ് വാട്സാപ്പ് അടക്കമുള്ള സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിവിധ ലാബുകളിൽ നടത്തിയ പരിശോധനയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്നും ഒരറിയിപ്പുണ്ടാകുന്നത് വരെ കോഴിയിറച്ചി കഴിക്കരുതെന്നും ഡിഎംഒയുടെ വ്യാജ ലെറ്റർ പാഡിൽ തയ്യാറാക്കിയ വ്യാജ ഉത്തരവിൽ പറയുന്നു.
ഇത്തരം വ്യാജ വാർത്തകൾ നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും അതീവ ഗുരുതര കുറ്റകൃത്യമായാണ് കാണുന്നതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ പറഞ്ഞു. അതേ സമയം വ്യാജ ഉത്തരവ് കോഴിയിറച്ചി വിപണിയെ ബാധിച്ചിട്ടില്ലെന്നാണ് ഇറച്ചി വ്യാപാരികൾ പറയുന്നത്.
